സംസ്ഥാനത്ത് രോഗവ്യാപനം കുറയുന്നില്ല; ലോക്ക്ഡൗൺ അനന്തമായി നീട്ടാനാകില്ലെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: കൊവിഡ് വ്യാപനം ഗണ്യമായി കുറയാത്ത സ്ഥിതിയാണ് സംസ്ഥാനത്ത്. അതു കൊണ്ടു തന്നെ അനന്തമായി ലോക്ക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണം നീട്ടാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാധാരണ നിലയിലേക്ക് വേഗത്തില്‍ എത്തേണ്ടതുണ്ട്. അതിനുള്ള സാഹചര്യം ഒരുക്കല്‍ പ്രധാനമാണ്. ഘട്ടംഘട്ടമായി ഇളവ് നടപ്പിലാക്കുകയാണ്. ഇളവ് ദുരുപയോഗം ചെയ്യുന്നത് അനുവദിക്കാനാവില്ല. കൊവിഡ് രണ്ടാം ഘട്ടം മറ്റ് സംസ്ഥാനങ്ങളില്‍ കെട്ടടങ്ങിയിട്ടും കേരളത്തില്‍ അടങ്ങാത്തത് എന്തുകൊണ്ടെന്ന് പലര്‍ക്കും ആശങ്കയുണ്ട്.

ഇതില്‍ അത്ഭുതപ്പെടേണ്ടതില്ല. അമിതമായി ഭയപ്പെടേണ്ട. കാര്യങ്ങള്‍ നിയന്ത്രണത്തിലാണ്. മാര്‍ച്ച് മധ്യത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ കൊവിഡ് രണ്ടാം ഘട്ടം ആരംഭിച്ചു. കേരളത്തില്‍ മെയിലാണ് രണ്ടാം ഘട്ടം ആരംഭിച്ചത്. ടിപിആര്‍ 29 ശതമാനം വരെ ഉയര്‍ന്നു. പ്രതിദിന രോഗികളുടെ എണ്ണം 40000ത്തിലേക്ക് ഉയര്‍ന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധനയ്ക്ക് അനുപാതമായി മരണമടയുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. രോഗികളുടെ എണ്ണം കൂടിയ അവസരത്തിലും കൊവിഡ് ആശുപത്രികളിലും ഐസിയുകളിലും രോഗികള്‍ക്ക് ഉചിതമായി ചികിത്സ നല്‍കാനായി. കൊവിഡ് ആശുപത്രി കിടക്കകളില്‍ 70 ശതമാനത്തിലധികം ഉപയോഗിക്കേണ്ടി വന്നിട്ടില്ല. 90 ശതമാനത്തിലേറെ രോഗികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികിത്സ നല്‍കി. മറ്റൊരു സംസ്ഥാനത്തിനും ഈ നേട്ടമില്ല. കാസ്പില്‍ ചേര്‍ന്ന 282 സ്വകാര്യ ആശുപത്രികളില്‍ ചികിത്സ നല്‍കുന്നുണ്ട്. മറ്റ് സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് സര്‍ക്കാര്‍ നിയന്ത്രിച്ചു. സര്‍ക്കാര്‍-സ്വകാര്യ മേഖലകള്‍ സഹകരിച്ച് കൊവിഡിനെ നേരിടുന്നുണ്ട്.

മാസ്‌ക് മാറ്റുന്ന അവസരങ്ങളില്‍ ശരീര ദൂരം പാലിക്കാന്‍ ശ്രദ്ധിക്കണം. വാക്‌സീനെടുത്തവര്‍ രോഗവാഹകരാവും. അവര്‍ മാസ്‌ക് ധരിക്കണം. എസി മുറികള്‍ ഉപയോഗിക്കരുത്. ജനാല തുറന്നിട്ട് വായു സഞ്ചാരം ഉറപ്പാക്കണം. ചെറുതും വലുതുമായ കൂടിച്ചേരല്‍ ഒഴിവാക്കണം.

മദ്യവില്‍പ്പന ശാലകള്‍ക്ക് മുന്നിലെ വലിയ ക്യൂ വലിയ പ്രശ്‌നമായി മാറി. അത് ഒഴിവാക്കാന്‍ പ്രത്യേക കൗണ്ടര്‍ ഏര്‍പ്പെടുത്തുന്നുണ്ട്. തിരക്കുള്ള സ്ഥലങ്ങളില്‍ കൗണ്ടറുകളുടെ എണ്ണം കൂട്ടും. ഈ കാണുന്ന തിരക്ക് ഒഴിവാക്കാന്‍ ആവശ്യമായ മറ്റ് ശാസ്ത്രീയ മാര്‍ഗങ്ങളും ആലോചിക്കും. വാക്‌സീനേഷന്‍ പൂര്‍ത്തിയാകും വരെ ശക്തമായ നടപടി തുടരണം. രണ്ട് ഡോസ് വാക്‌സീന്‍ അല്ലെങ്കില്‍ 72 മണിക്കൂറിനുള്ളിലെ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെയാണ് ഇത്തവണ ശബരിമലയില്‍ മാസപൂജയ്ക്ക് അനുവദിക്കുക. 5000 പേരെ വരെ വിര്‍ച്വല്‍ ക്യൂ വഴി പ്രവേശിപ്പിക്കും.