സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മണിക്കൂറുകള്‍ക്കിടെ വെളളത്തില്‍ വീണ് ഒന്നരവയസ്സുകാരിയടക്കം മൂന്ന് പേര്‍ മരിച്ചു; ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു


തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു സ്ഥലങ്ങളിലായി മണിക്കൂറുകള്‍ക്കിടെ വെള്ളത്തില്‍ വീണ് മരിച്ചത് മൂന്ന് കുട്ടികള്‍. തൃശ്ശൂര്‍, തിരുവനന്തപുരം, വയനാട് എന്നിവിടങ്ങളില്‍ ഓരോരുത്തരെയാണ് വെള്ളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തൃശ്ശൂരില്‍ വെള്ളത്തില്‍ വീണ് കാണാതായ ഷജിലിനായി തെരച്ചില്‍ തുടരുകയാണ്.

തിരുവനന്തപുരം നെയ്യാറ്റിന്‍കര രാമേശ്വരത്ത് ഒന്നര വയസ്സുകാരിയെയാണ് ആറ്റില്‍ വീണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. നെയ്യാറ്റിന്‍കര രാമേശ്വരം സ്വദേശി സജിന്‍ ആതിര ദമ്പതികളുടെ മകള്‍ അനാമികയുടെ മൃതദേഹമാണ് സമീപത്തെ ആറ്റില്‍ നിന്ന് കണ്ടെത്തിയത്. നെയ്യാറ്റിന് തീരത്തെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അനാമികയെ ഉച്ചയ്ക്ക് 12 മണിമുതല്‍ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നെയ്യാറ്റിന്‍കര പോലീസും ഫയര്‍ഫോഴ്‌സും നടത്തിയ തിരച്ചിലില്‍ വീടിന് സമീപത്തെ കടവില്‍നിന്ന് കുട്ടിയുടെ മൃതദേഹം ലഭിച്ചു. കളിക്കുന്നതിനിടയില്‍ കാല്‍വഴുതി അപകടം സംഭവിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. നെയ്യാറ്റിന്‍കര മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

വയനാട് എടവകയില്‍ രണ്ടു വയസുകാരിയാണ് കുളത്തില്‍ വീണു മരിച്ചത്. എടവക കാരക്കുനി ചേമ്പിലോട് നൗഫല്‍ – നജുമത് ദമ്പതികളുടെ മകള്‍ നാദിയ ഫാത്തിമയാണ് കുളത്തില്‍ മുങ്ങി മരിച്ചത്. വീടിന് സമീപത്തെ മീന്‍ വളര്‍ത്തുന്ന ചെറിയ കുളത്തില്‍ വീണാണ് അപകടം. കൂട്ടുകാരോടൊപ്പം കളിക്കാന്‍ പോയ കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കുളത്തില്‍ കണ്ടെത്തിയത്. ഉടനെ വയനാട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.

തൃശ്ശൂര്‍ ആറാട്ടുപുഴ മന്ദാരകടവില്‍ കൈകാല്‍ കഴുകാന്‍ പുഴയില്‍ ഇറങ്ങി ഒഴുക്കില്‍പ്പെട്ട കുട്ടികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. കുന്നത്ത് വീട്ടില്‍ മണിയുടെ മകന്‍ ഗൗതം സാഗറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വെളുത്തൂടന്‍ ഷാജിയുടെ മകന്‍ ഷജിലിനായി തെരച്ചില്‍ തുടരുകയാണ്. ഇന്ന് ഉച്ചക്കാണ് സംഭവം. ഫുട്‌ബോള്‍ കളിച്ച ശേഷം മന്ദാരംകടവില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു കുട്ടികള്‍. സ്ഥിരമായി ആളുകള്‍ കുളിക്കുന്ന കടവാണിത്. പക്ഷേ, പുഴയില്‍ ചെളി കൂടിയതിനാല്‍ കാലുകള്‍ താഴ്ന്നതാകാമെന്നു നാട്ടുകാര്‍ പറഞ്ഞു. 9,10 ക്ലാസുകളിലെ വിദ്യാര്‍ഥികളായിരുന്നു ഇരുവരും.