സംസ്ഥാനത്ത് മാസംതോറും മിച്ചംവരുന്നത് ടണ്‍കണക്കിന് ഭക്ഷ്യധാനം; വെള്ളക്കാര്‍ഡുകാരുടെ റേഷന്‍ വിഹിതം വര്‍ധിപ്പിച്ചു


കോഴിക്കോട്: പൊതുവിഭാഗം കാര്‍ഡുടമകളുടെ (വെള്ള) റേഷന്‍ ഭക്ഷ്യധാന്യവിഹിതം ഉയര്‍ത്തി. ജനുവരിയില്‍ കാര്‍ഡൊന്നിന് ഏഴുകിലോ അരി ലഭിക്കും. ഡിസംബറില്‍ ഇത് അഞ്ചുകിലോയും നവംബറില്‍ നാലുകിലോയും ആയിരുന്നു.

സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചുമാസങ്ങളായി റേഷന്‍ വാങ്ങുന്നവരുടെ എണ്ണം കുറവാണ്. കോവിഡ് കാലത്ത് 98%ത്തോളം എത്തിയിരുന്ന റേഷന്‍ വിതരണം ഇപ്പോള്‍ എണ്‍പത്തിയഞ്ച് ശതമാനമായിട്ടുണ്ട്. ഇതുമൂലം ടണ്‍കണക്കിന് ഭക്ഷ്യധാന്യമാണ് മാസംതോറും മിച്ചംവരുന്നത്. ഇത്തരത്തില്‍ ധാന്യങ്ങള്‍ കെട്ടിക്കിടന്ന് നശിക്കുന്നത് ഒഴിവാക്കാനാണ് പൊതുവിഭാഗം കാര്‍ഡുടമകളുടെ റേഷന്‍ വിഹിതം വര്‍ധിപ്പിച്ചത്.

നീല, വെള്ള, കാര്‍ഡുകള്‍ക്കുള്ള നിര്‍ത്തിവെച്ച സ്‌പെഷ്യല്‍ അരിവിതരണവും ജനുവരിയില്‍ പുനരാരംഭിക്കും. മൂന്നുകിലോ വീതം സ്‌പെഷ്യല്‍ അരിയാണ് ലഭിക്കുക. ഇതിനുപുറമേ വിവിധ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്ക് (എന്‍.പി.ഐ. കാര്‍ഡ്) രണ്ടുകിലോ സ്‌പെഷ്യല്‍ അരിയുണ്ട്. 15 രൂപയാണ് നിരക്ക്.

ഓരോ റേഷന്‍കടയിലെയും നീക്കിയിരിപ്പിന്റെ അടിസ്ഥാനത്തിലായിരിക്കും സ്‌പെഷ്യല്‍ അരി വിതരണം. മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ വിഹിതത്തില്‍ മാറ്റമില്ല.