സംസ്ഥാനത്ത് പിജി ഡോക്ടേഴ്‌സ് അനിശ്ചിതകാല പണിമുടക്കിലേക്കെന്ന് മുന്നറിയിപ്പ്; ആരോഗ്യമന്ത്രിയുമായുള്ള ചര്‍ച്ചക്ക് അവസരം ഒരുക്കുന്നില്ലെന്ന് പിജി ഡോക്ടേഴ്‌സ്‌


കോഴിക്കോട്: സംസ്ഥാനത്തെ പിജി ഡോക്ടേഴ്സ് അനിശ്ചിതകാല പണിമുടക്കിലേക്കെന്ന് മുന്നറിയിപ്പ്. പ്രശ്ന പരിഹാരത്തിനായുള്ള ഇടപെടലുകൾ നടത്തുന്നില്ലായെന്നതാണ് പരാതി. ആരോഗ്യ മന്ത്രിയുമായുള്ള ചർച്ചയ്ക്ക് അവസരം ഒരുക്കുന്നില്ല എന്നും പി.ജി. ഡോക്ടേഴ്സ് പറയുന്നു. അനിശ്ചിതകാല പണിമുടക്കിലേക്ക് എന്ന വിവരം പി.ജി. ഡോക്ടേഴ്സ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറെ അറിയിച്ചു.

കൃത്യമായ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കഴിഞ്ഞ ആറു മാസമായി പി.ജി. ഡോക്ടേഴ്സ് സമരം ചെയ്യുകയാണ്. കൊവിഡ് ചികിത്സ വികേന്ദ്രീകരിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. കൊവിഡ് ചികിത്സ ആരംഭിച്ചതിന് ശേഷം അധ്യയനം നഷ്ടപ്പെടുന്നു എന്നതാണ് പി.ജി. ഡോക്ടേഴ്സ് ഉയർത്തുന്ന പ്രധാന പരാതി.ഇത് വരെ ഇതിൽ ഒന്നും ഒരു തീരുമാനവും ഉണ്ടാവാത്തതിനാലാണ് അവർ തിങ്കളാഴ്ച 12 മണിക്കൂർ സൂചനാ പണിമുടക്ക് നടത്തിയത്. എന്നാൽ, സൂചന സമരത്തെ കണ്ട ഭാവം അധികൃതർ കാണിക്കുന്നില്ല, ഉന്നയിച്ച ആവശ്യങ്ങൾക്ക് നേരെ കണ്ണടയ്ക്കുകയാണ് അവർ ചെയ്യുന്നത്. ഉന്നത അധികാരികൾ വിഷയം പരിഹരിക്കുന്നതിന് വേണ്ട ഇടപെടൽ നടത്തുന്നില്ല എന്നും പി.ജി. ഡോക്ടേഴ്സ് അറിയിച്ചു.

ആറ് മാസമായി ഉയർത്തുന്ന ആവശ്യങ്ങളിൽ അധികൃതരുടെ പ്രതികരണം നിരാശാജനകമാണ്.

അനിശ്ചിത കാല പണിമുടക്കിലേക്ക് പോയാൽ മെഡിക്കൽ കോളജുകളുടെ ദൈനംദിന പ്രവർത്തനം താളം തെറ്റുമെന്നും മുന്നറിയിപ്പ്. അനിശ്ചിതകാല പണിമുടക്കിലേക്കെന്ന വിവരം പിജി ഡോക്ടേഴ്സ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറെ മെയിൽ മുഖാന്തരം അറിയിച്ചിട്ടുണ്ട്. തീയതി ഇത് വരെ തീരുമാനിച്ചിട്ടില്ല.