സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൂട്ടുന്നു; ശനി,ഞായര്‍, ദിവസങ്ങളില്‍ അവശ്യ സര്‍വീസുകള്‍ മാത്രം


തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. സര്‍ക്കാര്‍ ഓഫീസുകളില്‍ പകുതി പേര്‍ ജോലിക്കെത്തിയാല്‍ മതിയെന്നും വിദ്യാഭ്യാസം ഓണ്‍ലൈനിലൂടെ മാത്രം മതിയെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത തലയോഗത്തില്‍ തീരുമാനമായി. വാക്‌സീന്‍ വിതരണത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്താനും തീരുമാനമായി. കണ്ടൈന്‍മെന്റ് സോണിന് പുറത്തുള്ള സാധാരണ കടകള്‍ 9 മണി വരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കും.

കൊവിഡ് വ്യാപന തീവ്രത കുറയ്ക്കാന്‍ ലക്ഷ്യമിട്ട് നടത്തുന്ന വാക്‌സിനേഷന്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ 50 ലക്ഷം ഡോസ് വാക്സീന്‍ കേന്ദ്രത്തോട് ആവശ്യപെട്ടിട്ടുണ്ട്. തിരുവനന്തപുരം മേഖലയ്ക്ക് രണ്ടരലക്ഷം ഉള്‍പ്പെടെ അഞ്ചരലക്ഷം വാക്‌സീന്‍ നല്‍കുമെന്നാണ് കേന്ദ്രം മറുപടി നല്‍കിയത്.

ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയ ജില്ലകളില്‍ കൂടുതല്‍ വാക്‌സീന്‍ നല്‍കാനാണ് ലക്ഷ്യം. അതേസമയം നിലവില്‍ മൂന്ന് ലക്ഷത്തില്‍ താഴെ വാക്‌സീന്‍ മാത്രമാണ് സ്റ്റോക്ക് ഉള്ളത്. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ ഈ മാസം മുപ്പതോടെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അന്‍പതിനായിരത്തിലേക്ക് ഉയരുമെന്നാണ് കോര്‍ കമ്മിറ്റി യോഗത്തിന്റെ വിലയിരുത്തല്‍.