സംസ്ഥാനത്ത് കോളേജുകള്‍ നാളെ തുറക്കും; ഹാജര്‍ നിര്‍ബന്ധമാക്കില്ല; വിശദവിവരങ്ങള്‍ അറിയാം


തിരുവനന്തപുരം: ഒന്നര വര്‍ഷത്തെ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ശേഷം സംസ്ഥാനത്തെ കോളേജുകള്‍ നാളെ തുറക്കും. കൊവിഡ് ഭീതി പൂര്‍ണ്ണമായും ഒഴിയാത്ത സാഹചര്യത്തില്‍ പ്രത്യേക ക്രമീകരണങ്ങളോടെയാണ് കോളേജുകളില്‍ അധ്യയനം ആരംഭിക്കുന്നത്.

അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര ബിരുദ ക്ലാസുകളാണ് നാളെ തുടങ്ങുക. സൗകര്യങ്ങള്‍ കുറവുള്ള കോളേജുകളില്‍ ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ നടത്തും.

പകുതി വീതം വിദ്യാര്‍ത്ഥികളെ ഓരോ ബാച്ചാക്കി ഇടവിട്ട ദിവസങ്ങളിലോ, പ്രത്യേക ബാച്ചുകളാക്കി ദിവസേനയോ ക്ലാസ് നടത്തണം. ക്ലാസുകള്‍ക്ക് സമയക്രമവും നിശ്ചയിച്ചിട്ടുണ്ട്. രാവിലെ എട്ടര മുതല്‍ ഒന്നര വരെ, ഒമ്പതു മുതല്‍ മൂന്നു വരെ, ഒമ്പതര മുതല്‍ മൂന്നര വരെ, പത്തുമുതല്‍ നാലു വരെ. ഇവയിലൊന്ന് തെരഞ്ഞെടുക്കാനുള്ള അധികാരം കോളേജ് കൗണ്‍സിലുകള്‍ക്കാണ്.

എന്നാല്‍ സൗകര്യമുള്ള കോളേജുകളില്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലല്ലാതെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഉള്‍ക്കൊള്ളിച്ച് ക്ലാസുകള്‍ നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇവിടങ്ങളില്‍ വിദ്യാര്‍ഥികള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നാണ് കര്‍ശന നിര്‍ദേശം. ആഴ്ചയില്‍ 25 മണിക്കൂര്‍ ക്ലാസ് എന്ന കണക്കില്‍ ഓണ്‍ലൈന്‍-ഓഫ് ലൈന്‍ ക്ലാസുകള്‍ ഉള്‍പ്പെടുത്തിയാണ് ടൈംടേബിള്‍ തയ്യാറാക്കിയിരിക്കുന്നത്.

എഞ്ചിനീയറിംഗ് കോളേജുകളില്‍ ദിവസേന 6 മണിക്കൂര്‍ ക്ലാസ് തുടരും. ബിരുദാനന്തര ബിരുദ തലത്തില്‍ മുഴുവന്‍ കുട്ടികളെയും ഉള്‍ക്കൊള്ളിച്ചാണ് ക്ലാസ്സുകള്‍ നടത്തുക. കോളേജുകളിലെ അണുനശീകരണവും ശുചീകരണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി.

കോളേജുകളില്‍ ഹാജര്‍ നിര്‍ബന്ധമില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു വ്യക്തമാക്കി. ഒന്നരവര്‍ഷമായി വിദ്യാര്‍ഥികളെ സംബന്ധിച്ച് കലാലയജീവിതം എന്നാല്‍ വലിയ നഷ്ടമാണ്. അതിനാല്‍ ഹാജര്‍ നിര്‍ബന്ധമല്ലെങ്കിലും വിദ്യാര്‍ത്ഥികള്‍ സ്വമേധയാ ക്ലാസ്സുകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. ഈ മാസം 18 മുതല്‍ മുഴുവന്‍ ക്ലാസ്സുകളും ആരംഭിക്കാന്‍ തീരുമാനമെടുത്തിട്ടില്ല. കോളേജ് തുറന്നതിനു ശേഷമുള്ള സാഹചര്യം പരിശോധിച്ച് മാത്രമേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

കോളേജ് ഹോസ്റ്റലുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും വാക്സിനേഷന്‍ നടപടികള്‍ അന്തിമഘട്ടത്തിലാണ്. സ്‌പെഷ്യല്‍ ഡ്രൈവിലൂടെ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാനാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. നേരത്തെ സ്‌കൂളുകളിലും ആദ്യഘട്ടത്തില്‍ ഹാജര്‍ നിര്‍ബന്ധമാക്കില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു.