സംസ്ഥാനത്ത് കോളേജുകള്‍ തുറക്കാന്‍ ഉത്തരവായി; മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ


തിരുവനന്തപുരം: ഒക്ടോബര്‍ നാല് മുതല്‍ സംസ്ഥാനത്ത് കോളേജുകള്‍ തുറക്കാന്‍ ഉത്തരവായി. ബിരുദതലത്തില്‍ അവസാനവര്‍ഷ ക്ലാസുകളും ബിരുദാനന്തര ബിരുദ ക്ലാസുകളുമാണ് തുടങ്ങുന്നത്.

ബിരുദതലത്തില്‍ ഒരു ദിവസം പകുതി കുട്ടികള്‍ക്കായിരിക്കും പ്രവേശനം. 50% വിദ്യാര്‍ഥികളെ ഒരു ബാച്ചായി പരിഗണിച്ച് ഇടവിട്ടുള്ള ദിവസങ്ങളിലോ മതിയായ സ്ഥലമുണ്ടെങ്കില്‍ പ്രത്യേക ബാച്ചുകളായി ദിവസേനയോ നടത്താവുന്നതാണ്. സമയക്രമം കോളേജുകള്‍ക്ക് തീരുമാനിക്കാമെന്നും ഉത്തരവില്‍ പറയുന്നു. പി ജി ക്ലാസുകളില്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ക്ലാസിലെത്താം.

സയന്‍സ് വിഷയങ്ങളില്‍ പ്രാക്ടിക്കലിന് മുന്‍തൂക്കം നല്‍കണം. ഒന്നും രണ്ടും വര്‍ഷ ബിരുദ ക്ലാസുകള്‍ ഓണ്‍ലൈനായി തുടരും. ഹോസ്റ്റലുകള്‍ ലൈബ്രറികള്‍ ലബോറട്ടറികള്‍ എന്നിവ തുറന്നുപ്രവര്‍ത്തിക്കാനും അനുമതി നല്‍കി. ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ച വിദ്യാര്‍ഥികള്‍ക്കും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ അധ്യാപകര്‍ക്കും കോളജുകളില്‍ വരാം.

കോളേജ് വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക വാക്‌സിനേഷന്‍ ഡ്രൈവുണ്ടാകുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.