സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ പുതുക്കി സര്‍ക്കാര്‍; കൂടുതൽ രോഗികളുണ്ടെങ്കിൽ കൂട്ടുകുടുംബങ്ങളും ക്ലസ്റ്ററാകും


തിരുവനന്തപുരം: സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പുതുക്കി. ചെറിയ പ്രദേശത്തേപ്പോലും മൈക്രോ കണ്ടെന്‍മെന്റ് സോണായി പ്രഖ്യാപിക്കാം എന്നാണ് പുതിയ ഉത്തരവ്. രോഗവ്യാപനമുണ്ടായാല്‍ പത്ത് അംഗങ്ങളില്‍ കുടുതലുള്ള കുടുംബത്തേയും മൈക്രോ കണ്ടെന്‍മെന്റ് സോണായി കണക്കാക്കും. 100 പേരില്‍ അഞ്ച് പേര്‍ക്ക് രോഗം വന്നാലും കണ്ടെന്‍മെന്റ് സോണായി പ്രഖ്യാപിക്കാം.

സംസ്ഥാനത്ത് നിലവില്‍ വാര്‍ഡ് അടിസ്ഥാനത്തിലാണ് മൈക്രോ കണ്ടെന്‍മെന്റ് സോണുകള്‍ നിശ്ചയിക്കുന്നതും നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതും. എന്നാല്‍ ഇനി മുതല്‍ വാര്‍ഡ് അടിസ്ഥാനത്തിലല്ല, രോഗവ്യാപനമുണ്ടെങ്കില്‍ ഏത് ചെറിയ പ്രദേശത്തേയും കുടുംബത്തെ പോലും മൈക്രോ കണ്ടെന്‍മെന്റ് സോണായി പ്രഖ്യാപിക്കാം എന്നാണ് സര്‍ക്കാരിന്റെ പുതിയ ഉത്തരവ്.

ഹൗസിങ് കോളനികള്‍, ഷോപ്പിങ് മാളുകള്‍, വ്യവസായ സ്ഥാപനങ്ങള്‍, മാര്‍ക്കറ്റ്, മത്സ്യവിപണന കേന്ദ്രം, ഫ്‌ളാറ്റ് തുടങ്ങി ഏത് പ്രദേശത്തും രോഗവ്യാപനമുണ്ടായാല്‍ മൈക്രോ കണ്ടെന്‍മെന്റ് സോണാക്കി മാറ്റാം. 10 അംഗങ്ങളുള്ള കുടുംബത്തില്‍ രോഗവ്യാപനമുണ്ടായാല്‍ അതും മൈക്രോ കണ്ടെന്‍മെന്റ് സോണാക്കി കണക്കാക്കി നിയന്ത്രണ നടപടികള്‍ കൈക്കൊള്ളാം.

ഒറ്റ ദിവസം 100 മീറ്റര്‍ പ്രദേശത്ത് അഞ്ച് പേര്‍ക്ക് രോഗവ്യാപനമുണ്ടായാല്‍ അവിടം മൈക്രോ കണ്ടെന്‍മെന്റ് സോണായി പ്രഖ്യാപിച്ച് നടപടികള്‍ സ്വീകരിക്കാമെന്നാണ് പുതുക്കിയ ഉത്തരവ്. തെരുവുകള്‍, ആളുകള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലങ്ങള്‍ തുടങ്ങി ഏത് ചെറിയ പ്രദേശത്തും ഇത്തരത്തിലുള്ള നിയന്ത്രണം ഏര്‍പ്പെടുത്താം.