സംസ്ഥാനത്ത് ഈ മാസം 22ന് ബാങ്ക് പണിമുടക്ക്


തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 22 ന് ബാങ്ക് പണിമുടക്ക്. കാത്തലിക്ക് സിറിയന്‍ ബാങ്ക് (CSB) ജീവനക്കാരുടെ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചാണ് സംസ്ഥാനത്തെ മറ്റ് ബാങ്ക് ജീവനക്കാരും പണി മുടക്കുന്നത്. കേരളത്തിലെ ട്രേഡ് യൂണിയൻ സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

റിസർവ് ബാങ്ക് നിശ്ചയിച്ച വേതന ക്രമം നടപ്പാക്കുക, സ്ഥിരം തൊഴിലാളികളെ സംരക്ഷിക്കുക, നിലവിലുള്ള കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുകയും, താൽക്കാലിക നിയമനം നിർത്തലാക്കുകയും വേണമെന്ന് ആവശ്യപ്പെട്ടാണ് സിഎസ്ബി ബാങ്ക് സമരം നടത്തുന്നത്.

20 മുതൽ മൂന്ന്​ ദിവസങ്ങളിലായി സിഎസ്​ബി ബാങ്കിൽ പണിമുടക്കാണ്. ഇതിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചാണ്​ എല്ലാ ബാങ്കുകളിലും ഒരു ദിവസം പണിമുടക്കുന്നത്. ബാങ്ക്​ ഓഫീസർമാരുടെയും ജീവനക്കാരുടെയും ഒമ്പത്​ സംഘടനകളുടെ ഐക്യവേദിയായ യുനൈറ്റഡ്​ ഫോറം ഓഫ്​ ബാങ്ക്​ യൂണിയൻസ്​ (യുഎഫ്​ബിയു) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.