സംസ്ഥാനത്ത് ഈ മാസം 14 വരെ ശക്തമായ മഴയ്ക്ക് സാധ്യത, കോഴിക്കോട് ജില്ലയിലും ജാഗ്രതാ നിര്‍ദേശം


കോഴിക്കോട്: കേരളത്തിലുടനീളം ശക്തമായ മഴയ്ക്ക് സാധ്യത. ഏപ്രില്‍ 14 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് സാധ്യത. മലയോര മേഖലകളില്‍ മഴ ശക്തമായേക്കുമെന്നും മുന്നറിയിപ്പുണ്ട്.തിങ്കളാഴ്ച്ച ഇടുക്കിയിലും ബുധനാഴ്ച്ച ഇടുക്കി, വയനാട് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടില്ല.

ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. മലയോര മേഖലയില്‍ ഇടിമിന്നല്‍ ശക്തമാകാനാണ് സാധ്യത. പൊതു ജനം ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം.

നിര്‍ദേശങ്ങള്‍

*ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക.

*മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

*ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.

*ജനലും വാതിലും അടച്ചിടുക.

*ലോഹ വസ്തുക്കളുടെ സ്പര്‍ശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.

*ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുക.

*ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക.

*ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.

*വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്.

*വാഹനത്തിനുള്ളില്‍ ആണെങ്കില്‍ തുറസായ സ്ഥലത്ത് നിര്‍ത്തി, ലോഹ ഭാഗങ്ങളില്‍ സ്പര്‍ശിക്കാതെ ഇരിക്കണം.