സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍; നാളെ മുതല്‍ രാത്രികാല കര്‍ഫ്യു, രാത്രി പത്ത് മുതല്‍ രാവിലെ ആറ് വരെയാണ് കര്‍ഫ്യൂ


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൌൺ. കൊവിഡ് നിയന്ത്രണങ്ങൾ ഏങ്ങനെ തുടരണമെന്ന് ചർച്ച ചെയ്യാന്‍ ബുധനാഴ്ച വിദഗ്ധരുടെ യോഗം വിളിച്ചിട്ടുണ്ട്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഐഎഎസ് ഉദ്യോഗസ്ഥർക്ക് പുറമേ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരെ ജില്ലകളിലേക്ക് നിയമിച്ചു.

സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യൂ ഉണ്ടാകും. രാത്രി പത്തുമുതല്‍ രാവിലെ ആറുവരെയാണ് കര്‍ഫ്യൂ. ഓണത്തിന് ശേഷം കൊവിഡ് കേസുകള്‍ കൂടിയതോടെയാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്. വാർഡുകളിലെ ട്രപ്പിൾ ലോക്ഡൗൺ ശക്തമാക്കും. പ്രതിവാര രോഗവ്യാപനതോത് ഏഴ് ശതമാനമുള്ള സ്ഥലങ്ങളിലാണ് ലോക്ഡൗൺ ക‍ർശനമാക്കുക. ഇപ്പോൾ അത് എട്ടാണ്.

ചരക്ക് വാഹനങ്ങൾക്ക് രാത്രി യാത്ര തുടരാം, അത്യാവശ്യ സേവനങ്ങളിൽ ഏ‍ർപ്പെടുന്ന ജീവനക്കാരെയും ക‍‍‌‌ർഫ്യൂവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അടുത്ത ബന്ധുക്കളുടെ മരണം സംഭവിച്ചാലും യാത്ര ചെയ്യുന്നതിന് അനുമതിയുണ്ട്. ദീ‍ർഘദൂര യാത്രക്കാ‍ർക്കും യാത്ര ചെയ്യാം. ട്രെയിൻ കയറുന്നതിനോ, എയ‌‌ർപോർട്ടിൽ പോകുന്നതിനോ, കപ്പൽ യാത്രക്കോ ആയി രാത്രി യാത്ര ചെയ്യാം, ടിക്കറ്റ് കയ്യിൽ കരുതിയാൽ മതിയാകും. മറ്റെന്തെങ്കിലും അത്യാവശ്യത്തിനായി യാത്ര ചെയ്യണമെങ്കിൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ നിന്ന് അനുമതി വാങ്ങണം. ഓണക്കാലത്തിന് ശേഷം രോഗവ്യാപനം കൂടിയെന്ന് പറഞ്ഞാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുന്നത്.