സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനം; പ്രവേശനത്തിന് അനുമതി 15 പേര്‍ക്ക്


തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനമായി. ടിപിആർ 16 ന് താഴെയുള്ള തദ്ദേശഭരണ സ്ഥാപന പരിധികളിൽ ആരാധനാലയങ്ങൾ തുറക്കുക. പരമാവധി 15 പേർക്കാകും പ്രവേശനം. അതേസമയം, സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ നൽകില്ല. ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി തുടരും.

ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി നീട്ടാൻ തീരുമാനമായത്. ടിപിആർ 24 ന് മുകളിൽ ട്രിപ്പ്ൾ ലോക്ഡൗൺ തുടരും. ടിപിആർ എട്ടിന് താഴെ, 8 നും 16 നും ഇടയിൽ, 16 നും 24 നും ഇടയിൽ, 24 ന് മുകളിൽ എന്നിങ്ങനെ നിയന്ത്രണമേഖലകളെ പുനഃക്രമീകരിച്ചു.

സംസ്ഥാനത്തെ കോവിഡ് വ്യാപനം ശക്തമായതോടെയാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. നിലവിൽ കോവിഡ് വ്യാപനത്തിന് തോത് കുറഞ്ഞ സാഹചര്യത്തിൽ വരാന്ത്യ ലോക്ഡൗൺ മാത്രമായി പരിമിതപ്പെടുത്തുകയും കൂടുതൽ ഇളവുകൾ നൽകുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ബാറുകൾക്കും മദ്യശാലകളും തുറക്കാൻ അനുമതി ലഭിച്ചിട്ടും ആരാധനാലയങ്ങൾക്ക് അനുമതി ലഭിക്കാതിരുന്നത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇളവുകളോടെ ആരാധനാലയങ്ങൾക്ക് തുറക്കാൻ അനുമതി നൽകിയത്.