സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ റെഡ് അലേർട്ട്


കോഴിക്കോട്: ഞായറാഴ്ച്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍, ആന്ധ്ര – ഒഡിഷ തീരത്തിനടുത്തായി ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. ഈ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ഇന്ന് ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ടും, പാലക്കാട് ഒഴികെയുള്ള 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നാളെ ഓറഞ്ച് മുന്നറിയിപ്പ് നല്‍കി.

ഞായറാഴ്ച്ച തീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. ഞായറാഴ്ച്ച കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു.

സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. മണിക്കൂറില്‍ പരമാവധി 60 കിമി വരെ വേഗത്തില്‍ ശക്തമായ കാറ്റിനും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. ഞായറാഴ്ച്ച വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് മത്സ്യബന്ധനത്തിന് വിലക്കും ഏര്‍പ്പെടുത്തി.