സംസ്ഥാനത്തെ ആദ്യ ഇന്റര്‍നെറ്റ് ഡി അഡിക്ഷന്‍ സെന്റര്‍ ‘ഇ മോചന്‍’ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍


കോഴിക്കോട്: കമ്പ്യൂട്ടര്‍ ഗെയിമുകള്‍ക്കും ഇന്റര്‍നെറ്റിനും അടിമപ്പെടുന്നത് പഠനത്തെയും കുടുംബ- സുഹൃദ് ബന്ധങ്ങളെയും മാനസിക ആരോഗ്യത്തെയും സാരമായി ബാധിച്ച് ആത്മഹത്യയ്ക്കുവരെ കാരണമാകുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ ഇത്തരം അവസ്ഥകള്‍ തുടക്കത്തില്‍ തന്നെ മനസിലാക്കി ഗെയിം ഡിസോര്‍ഡര്‍ പോലുള്ള അവസ്ഥകളില്‍ നിന്നും കുട്ടികളെ മുക്തമാക്കാന്‍ സഹായിക്കുന്ന ചികിത്സാ കേന്ദ്രം കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ ആരംഭിച്ചിരിക്കുകയാണ്.

ആസാദി കാ അമൃത മഹോത്സവത്തിന്റെ ഭാഗമായി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെയാണ് ‘ഇ മോചന്‍’ എന്നു പേരുള്ള ഈ ഉദ്യമം ആരംഭിച്ചത്. സംസ്ഥാനത്തെ ആദ്യ ഇന്റര്‍നെറ്റ് ഡി അഡിക്ഷന്‍ സെന്റര്‍ കൂടിയാണിത്.

മാനസികാരോഗ്യം മെച്ചപ്പെടുത്താനും ജീവിതനൈപുണികളെ വികസിപ്പിക്കാനുമുള്ള പരിശീലനം നല്‍കുകയാണ് ക്ലിനിക്കിന്റെ ലക്ഷ്യം. കുട്ടികള്‍ക്കും കൗമാരപ്രായക്കാര്‍ക്കും പ്രത്യേക ഊന്നല്‍ നല്‍കുന്ന കേന്ദ്രത്തില്‍ മറ്റുള്ളവര്‍ക്കും സേവനം ലഭിക്കും. ആദ്യ ഘട്ടത്തില്‍ എല്ലാ ശനിയാഴ്ചയും രാവിലെ ഒമ്പത് മുതല്‍ പകല്‍ ഒന്ന് വരെയാണ് ക്ലിനിക്ക് പ്രവര്‍ത്തിക്കുക. നേരിട്ട് വന്നും ഫോണില്‍ വിളിച്ച് ബുക്ക് ചെയ്തും ചികിത്സതേടാം. ആളുകളുടെ എണ്ണം നോക്കി സേവന ദിവസങ്ങള്‍ കൂട്ടിയേക്കും. ഓണ്‍ലൈന്‍ വഴിയും കൗണ്‍സലിങ് നല്‍കാനുള്ള ആലോചനയുണ്ട്. ഫോണ്‍: 9400058020, 0495 2741385.

ഹൈക്കോടതി ജഡ്ജിയും കെല്‍സ എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ ‘ഇ- മോചന്‍’ ഉദ്ഘാടനം ചെയ്തു. ജില്ലാ ജഡ്ജി പി. രാഗിണി അധ്യക്ഷയായി. ജില്ലാ ജഡ്ജി കെ. ടി. നിസാര്‍ അഹമ്മദ്, മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. കെ സി രമേശന്‍, സബ് കലക്ടര്‍ വി ചെല്‍സാ സിനി, ഡെപ്യൂട്ടി കമീഷണര്‍ സ്വപ്നില്‍ മധുകര്‍ മഹാജന്‍, അഡീ. ഡിഎംഒ ഡോ. രാജേന്ദ്രന്‍, ഡോ. സന്ദീഷ് എന്നിവര്‍ സംസാരിച്ചു.
ഡിഎല്‍എസ്എ സെക്രട്ടറിയും സബ് ജഡ്ജുമായ എം. പി. ഷൈജല്‍ സ്വാഗതവും ഡോ. ശിവദാസ് നന്ദിയും പറഞ്ഞു.