സംസ്ഥാന പാതയോരത്ത് മാലിന്യങ്ങള്‍ തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി പേരാമ്പ്ര പഞ്ചായത്ത്


പേരാമ്പ്ര: സംസ്ഥാന പാതയോരത്ത് മാലിന്യങ്ങള്‍ തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി പേരാമ്പ്ര പഞ്ചായത്ത്. പേരാമ്പ്ര ലാസ്റ്റ് കല്ലോടിനും മൂരികുത്തിക്കും ഇടയില്‍ സംസ്ഥാന പാതയോരത്ത് ഇരുട്ടിന്റെ മറവില്‍ മാലിന്യങ്ങള്‍ തള്ളുന്നത് പതിവാണ്. ഇതോടെ പ്രദേശത്ത് മാലിന്യങ്ങള്‍ കുന്നുകൂടി ദുര്‍ദന്ധം വമിക്കാന്‍ തുടങ്ങിയത് പ്രദേശവാസികളെ ബുദ്ധിമുട്ടിലാക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി.

പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രദേശത്തെ മാലിന്യങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്തു. പ്രദേശത്ത് മാലിന്യങ്ങള്‍ കുന്നുകൂടിയത് പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ടായതോടെയാണ് പഞ്ചായത്തിന്റെ ഇടപെടല്‍.

മാലിന്യങ്ങള്‍ തള്ളിയ പ്രദേശത്ത് സ്ട്രീറ്റ് ലൈറ്റ്, സി.സി.ടി.വി ക്യാമറകള്‍ എന്നിവ സ്ഥാപിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പ്രദേശത്തെ മാലിന്യങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്തിട്ടുണ്ടെന്നും ഇനി ആരെങ്കിലും മാലിന്യം തള്ളിയെന്ന് കണ്ടെത്തിയാല്‍ അവരില്‍ നിന്ന് പിഴ ഈടാക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കി. പ്രദേശത്ത് മാലിന്യം നിക്ഷേപിക്കാന്‍ പാടില്ലയെന്നുള്ള പ്രചരണ ബോര്‍ഡും പഞ്ചായത്ത് സ്ഥാപിച്ചിട്ടുണ്ട്. മാലിന്യങ്ങള്‍ തള്ളുന്നവരെ കണ്ടെത്തുന്നതിനായി നാട്ടുകാരുടെയും പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ ജനകീയ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.