സംഘര്‍ഷത്തിന് തെളിവില്ല; എലത്തൂരിലെ ‘സിനിമ സ്‌റ്റൈല്‍’ സ്വര്‍ണ്ണ കവര്‍ച്ച കേസില്‍ ദുരൂഹത


എലത്തൂര്‍: എലത്തൂര്‍ പൂളാടിക്കുന്നില്‍ കാര്‍ തടഞ്ഞ് അരക്കിലോ സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ ദുരൂഹതയേറുന്നു. ദുബായില്‍നിന്ന് കൊണ്ടുവന്ന സ്വര്‍ണക്കട്ടികള്‍ കാര്‍ തടഞ്ഞുനിര്‍ത്തി കവര്‍ന്നുവെന്ന പരാതിക്കാരുടെ മൊഴി വിശ്വസനീയമല്ലെന്ന പ്രാഥമിക നിഗമനമാണ് അന്വേഷകസംഘത്തിന്. അതേസമയം, നാദാപുരം സ്വദേശിക്കു വേണ്ടിയാണ് സ്വര്‍ണം എത്തിച്ചതെന്ന വിവരവും പൊലീസിനുണ്ട്.

ചൊവ്വാഴ്ചയാണ് വിഷ്ണുമംഗലം കിഴക്കയില്‍ ഇല്യാസ് കസ്റ്റംസ് അധികൃതരെ വെട്ടിച്ച് മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്തിയത്. സഹോദരന്‍ ഹുസൈന്‍ എന്നിവരും കാറിലുണ്ടായിരുന്നു.

എലത്തൂര്‍ പൂളാടിക്കുന്നില്‍ വച്ച് കറുത്ത കാറിലെത്തിയ സംഘം റോഡിനുകുറുകെ കാര്‍ തടഞ്ഞാണ് സ്വര്‍ണം കവര്‍ന്നതെന്നാണ് ഇവര്‍ നല്‍കിയ മൊഴി. ഫോണിലൂടെ നല്‍കിയ പരാതിയില്‍ രണ്ടരപ്പവന്‍ സ്വര്‍ണമാല, ഐഫോണുകള്‍, പണം എന്നിവ നഷ്ടമായെന്നായിരുന്നു പോലീസിനോട് പറഞ്ഞത്. നേരിട്ട് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയപ്പോള്‍ പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ അരക്കിലോ സ്വര്‍ണം നഷ്ടമായെന്ന് ഇവര്‍ മൊഴി തിരുത്തി.

ബുധനാഴ്ചയും പരാതിക്കാരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലിലാണ് ക്യാരിയര്‍മാരായാണ് ഇവര്‍ സ്വര്‍ണം എത്തിച്ചതെന്ന് വ്യക്തമായത്. കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയാണ് സ്വര്‍ണം തട്ടിയതെന്നാണ് പരാതി. എന്നാല്‍, സംഭവ സ്ഥലത്ത് സംഘര്‍ഷം നടന്നതിന് തെളിവുകളൊന്നുമില്ല. പരാതിക്കാര്‍ക്ക് പരിക്കുമില്ല. ഭീഷണിപ്പെടുത്തി സ്വര്‍ണം തട്ടിയെന്ന ആക്ഷേപവുമായി ഇത് യോജിക്കുന്നില്ലെന്ന് പൊലീസ് കണ്ടെത്തി.

കാറിന്റെ ബോക്സില്‍ ഒളിപ്പിച്ച സ്വര്‍ണം അക്രമികള്‍ വേഗത്തില്‍ കണ്ടെടുത്തത് എങ്ങനെയെന്നതിലും ദുരൂഹതയുണ്ട്. അക്രമികളെയും അവരെത്തിയ കാറും ഓര്‍മിച്ചെടുക്കാന്‍ കഴിയുന്നില്ലെന്ന മൊഴിയിലും വിശദമായ അന്വേഷണം വേണ്ടിവരുമെന്നാണ് പൊലീസ് നിലപാട്.