കോഴിക്കോട് ജില്ലാ പഞ്ചായത്തിന് പുതിയ സാരഥി; ഷീജ ശശി പ്രസിഡന്റായി ചുമതലയേറ്റു


പേരാമ്പ്ര:ഷീജ ശശിയെ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റായി തെരഞ്ഞെടുത്തു. 16 വോട്ട് നേടിയാണ് ജയിച്ചത്. പ്രസിഡന്റായിരുന്ന കാനത്തിൽ ജമീല നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന്‌ രാജിവച്ചിരുന്നു. പേരാമ്പ്ര ഡിവിഷനിൽനിന്നാണ് ഷീജ ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. വികസന കാര്യ സ്ഥിരംസമിതി അധ്യക്ഷയായ ഷീജ 2015 – 20 കാലയളവിൽ ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. സിപിഐ എം ചക്കിട്ടപാറ ലോക്കൽ കമ്മിറ്റി അംഗവും മഹിളാ അസോസിയേഷൻ പേരാമ്പ്ര ഏരിയാ കമ്മിറ്റി അംഗവുമാണ്‌. എതിർസ്ഥാനാർഥിയായ കോൺഗ്രസ് അംഗം അംബിക മംഗലത്തിന്‌ ഒമ്പത്‌ വോട്ട്‌ ലഭിച്ചു. കുറ്റ്യാടി ഡിവിഷനിൽനിന്നുള്ള എൽഡിഎഫ്‌ അംഗം സി എം യശോദ ക്വാറന്റൈനിലായതിനാൽ പങ്കെടുത്തില്ല. തെരഞ്ഞെടുപ്പ് കലക്ടർ എൻ തേജ്‌ ലോഹിത്‌ റെഡ്ഡി നിയന്ത്രിച്ചു. ഷീജ ശശിക്ക്‌ കലക്ടർ സത്യവാചകം ചൊല്ലിക്കൊടുത്തു.

അനുമോദന ചടങ്ങിൽ വൈസ്‌ പ്രസിഡന്റ്‌ എം പി ശിവാനന്ദൻ അധ്യക്ഷനായി. സിപിഐ ജില്ലാ സെക്രട്ടറി ടി വി ബാലൻ, ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി ടി അഹമ്മദ്‌ കബീർ, നാസർ എസ്‌റ്റേറ്റ്‌മുക്ക്‌ എന്നിവർ പൂച്ചെണ്ട്‌ നൽകി. സ്ഥിരംസമിതി അധ്യക്ഷരായ കെ വി റീന, എൻ എം വിമല, പി സുരേന്ദ്രൻ, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ മുക്കം മുഹമ്മദ്‌, പി ഗവാസ്‌, കെ കെ സുരേഷ്‌, അംബിക മംഗലത്ത്‌, ഐ പി രാജേഷ്‌ എന്നിവർ സംസാരിച്ചു.കൃഷിക്കും ആരോഗ്യത്തിനും പരിഗണന കോഴിക്കോട്‌ കാർഷികമേഖലയുടെയും ആരോഗ്യസ്ഥാപനങ്ങളുടെയും വികസനത്തിന്‌ പദ്ധതികൾ തയ്യാറാക്കുമെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റായി സ്ഥാനമേറ്റ ഷീജ ശശി പറഞ്ഞു. മുൻ പ്രസിഡന്റിന്റെ നേതൃത്വത്തിൽ തുടങ്ങിവച്ച വികസനപദ്ധതികൾ പുർത്തിയാക്കും.

ജില്ലയിലെ കുട്ടികളുടെ പഠനപ്രവർത്തനത്തിനായി നൂതന പദ്ധതി തയ്യാറാക്കുമെന്നും സ്ത്രീസുരക്ഷക്കായി സംസ്ഥാന സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾക്ക്‌ എല്ലാവിധ പിന്തുണയും നൽകുമെന്നും ജില്ലയിലെ പട്ടികജാതി–പട്ടികവർഗ കോളനികളുടെ വികസനത്തിന്‌ പദ്ധതി തയ്യാറാക്കുമെന്നും ഷീജ ശശി പറഞ്ഞു.