ഷിഗല്ല വൈറസ്: തിക്കോടിയില്‍ ജാഗ്രത വേണം


പയ്യോളി: ഷിഗല്ല രോഗബാധമൂലം തിക്കോടി പഞ്ചായത്തില്‍ ഒരു കുട്ടി മരിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്. ഷിഗല്ല രോഗബാധ പകരുന്നത് മലിനമായ ജലം ഉപയോഗിച്ച് നിര്‍മിക്കുന്ന ആഹാര സാധനങ്ങളില്‍ കൂടിയാണ്. തണുത്ത പാനീയങ്ങള്‍, സിപ്പപ്പ്, ഐസ്‌ക്രീമുകള്‍, നാരങ്ങവെള്ളം തുടങ്ങിയവയില്‍ നിന്നുമാണ് രോഗബാധ ഉണ്ടായതെന്ന് അനുമാനിക്കുന്നു. ഈ ഗുരുതര സാഹചര്യത്തില്‍ പഞ്ചായത്തില്‍ ഇത്തരം സാധനങ്ങളുടെ വില്‍പ്പന താല്‍ക്കാലികമായി നിരോധിച്ചു.

പഞ്ചായത്തിലെ മുഴുവന്‍ കുടിവെള്ള സ്രോതസ്സുകളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ക്ലോറിനേഷന്‍ ചെയ്യും. കടകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തി വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ അടപ്പിക്കുന്നതിനും നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനും നിര്‍ദേശം നല്‍കി. പൊതുജനങ്ങള്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂ. ശുചിത്വം ഇല്ലാതെ നിര്‍മിച്ച തണുത്ത പാനീയങ്ങള്‍, ഐസുകള്‍, നാരങ്ങവെള്ളം, തുടങ്ങിയവ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.