ശ്രീക്കുട്ടന്‍ കാവല്‍ക്കാരനായിരുന്നു, ഏറെ പ്രീയപ്പെട്ടതായിരുന്നു


പേരാമ്പ്ര: ഇനിയവന്റെ കുട്ടിത്തം നിറഞ്ഞ കളിചിരികള്‍ പേരാമ്പ്ര ബ്ലോക്ക് ഓഫീസിലുണ്ടാവില്ല. രാവും പകലും ബ്ലോക്ക് ഓഫീസ് പരിസരത്ത് കാവല്‍ക്കാരനെപ്പോലെ അവനുണ്ടാവുമായിരുന്നു..

കഴിഞ്ഞദിവസം താലൂക്ക് ആശുപത്രി പരിസരത്ത് കാര്‍ ഇടിച്ചാണ് ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരുടെ വളര്‍ത്തുനായ ശ്രീക്കുട്ടന്‍ മരണപ്പെട്ടത്. ഏഴ് വര്‍ഷം മുമ്പ് ഈ നായയുടെ ദേഹത്ത് വന്ന പുഴുക്കടി ചികിത്സിക്കാന്‍ ആശുപത്രിയില്‍ കൊണ്ടുവന്ന ഉടമ നായയെ ഇവിടെ ഉപേക്ഷിച്ച് പോയി. പിന്നീട് ബ്ലോക്ക് ഓഫീസ് അസിസ്റ്റന്റ് നാരായണനും ഡ്രൈവര്‍ പ്രതീഷും നായയ്ക്ക് പരിചരണം നല്‍കി. പിന്നീടങ്ങോട്ട് ബ്ലോക്ക് ഓഫീസിലെ ജീവനക്കാരുടേയും ജനപ്രതിനിധികളുടെയും ലാളനയില്‍ അവന്‍ വളര്‍ന്നു.

രാത്രിയും പകലും അവന്‍ കാവല്‍ക്കാരനായിരുന്നു. ജീവനക്കാര്‍ ഓഫീസിലേക്ക് വരുമ്പോള്‍ കൊണ്ടു വരുന്ന ബിസ്‌ക്കറ്റും ഭക്ഷ്യവസ്തുക്കളും കാത്ത് ഇനിയാ മുറ്റത്ത് ശ്രീക്കുട്ടനുണ്ടാവില്ല എന്നത് ജീവനക്കാര്‍ക്കാകെ വേദനയാണ്.സമീപവാസികള്‍ക്കും ഏറെ പ്രിയപ്പെട്ടവരായിരുന്നു ശ്രീക്കുട്ടന്‍.