ശിവശങ്കറിന്റെ സസ്‌പെൻഷൻ നീട്ടുമോ? തീരുമാനം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ


തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ സസ്പെൻഷൻ കാലാവധി നീട്ടുന്ന കാര്യത്തിൽ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. ഒരു വർഷമായി സർക്കാർ സർവീസിന് പുറത്ത് നിൽക്കുന്ന ശിവശങ്കറിന്റെ സസ്പെൻഷൻ കാലാവധി ഇന്ന് അവസാനിക്കും. ശിവശങ്കറിനെതിരായ കേസിന്റെ നിലവിലെ സ്ഥിതിയും, പൊതുസാഹചര്യവും പരിഗണിച്ചാകും തീരുമാനം.

ഐഎഎസ് ഉദ്യോഗസ്ഥനെ ദീര്‍ഘനാളത്തേക്ക് സസ്പെന്‍ഷനില്‍ നിര്‍ത്താനാവില്ല എന്നതും, ഉദ്യോഗസ്ഥനെതിരെ ശക്തമായ തെളിവുകള്‍ കോടതിയില്‍ എത്താത്തതും അനുകൂല തീരുമാനം എടുക്കാന്‍ സര്‍ക്കാറിനെ പ്രേരിപ്പിക്കുന്നുണ്ട്. എന്നാല്‍ സര്‍വീസില്‍ തിരിച്ചെടുത്താലുള്ള പ്രതിപക്ഷ പ്രതിഷേധവും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പങ്കുണ്ടെന്ന് ആരോപിച്ചതോടെയാണ് എം ശിവശങ്കറിന്റെ സസ്പെന്‍ഷന് വഴി തെളിഞ്ഞത്. മുഖ്യമന്ത്രിയുടെ ഓഫീസിന് കേസില്‍ പങ്കുണ്ടെന്ന ആരോപണം ശക്തമായതോടെയായിരുന്നു നടപടി.