ശസ്ത്രക്രിയയ്ക്ക് രക്തം കൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം: യുവാവിനെ കഴുത്തില്‍ ബ്ലേഡ് കൊണ്ട് വരഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമം; പ്രതി അറസ്റ്റില്‍


കൊല്ലം: ശസ്ത്രക്രിയയ്ക്ക് രക്തം കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കൊലപാതക ശ്രമത്തില്‍ അവസാനിച്ചു. ശക്തികുളങ്ങര കന്നിമേല്‍ മൂന്നുതെങ്ങിന്‍തറ വീട്ടില്‍ അശോക് കുമാറും (53) ശക്തികുളങ്ങര സ്വദേശിയായ വിഷ്ണുവും തമ്മിലുള്ള തര്‍ക്കമാണ് വധശ്രമത്തില്‍ അവസാനിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അശോക് കുമാറിനെ പൊലീസ് അറസ്റ്റു ചെയ്തു.

വിഷ്ണുവിന്റെ ബന്ധു അപകടത്തില്‍ പരുക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ശസ്ത്രക്രിയയ്ക്കായി രക്തം സംഘടിപ്പിക്കുന്നതിനുള്ള അന്വേഷണം നടക്കുന്നതിനിടെ അശോക് കുമാര്‍ ഇതില്‍ ഇടപെട്ടു. ഇത് ഇഷ്ടപ്പെടാതിരുന്ന വിഷ്ണു അശോക് കുമാറിനെ കയ്യേറ്റം ചെയ്യുകയും തുടര്‍ന്ന് അശോക് കുമാര്‍ കൈവശമുണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ച് വിഷ്ണുവിന്റെ കഴുത്തില്‍ മുറിവേല്‍പ്പിക്കുകയുമായിരുന്നു.

സംഭവസ്ഥലത്തെത്തിയ ശക്തികുളങ്ങര ഇന്‍സ്‌പെക്ടറും സംഘവും ഇരുവരെയും ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. പ്രതിയെ റിമാന്‍ഡ് ചെയ്തു.