ശക്തമായ മഴയ്ക്കും കാറ്റിനുമിടയില്‍ റെയില്‍വേപാളം മുറിച്ചുകടക്കുന്നതിനിടെ തീവണ്ടിയ്ക്ക് മുന്നില്‍ വീണു; പയ്യോളി മത്സ്യമാര്‍ക്കറ്റിലെ ജീവനക്കാരന് ദാരുണാന്ത്യം


പയ്യോളി: ശനിയാഴ്ച രാത്രി കനത്ത മഴയ്ക്കും കാറ്റിനുമിടയില്‍ റെയില്‍ വേ ഗേറ്റ് മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി പയ്യോളി സ്വദേശിയ്ക്ക് ദാരുണാന്ത്യം. ഇയ്യോത്തില്‍ ഖാലിദാണ് മരണപ്പെട്ടത്. അന്‍പത്തിയൊന്ന് വയസായിരുന്നു.

പയ്യോളി മത്സ്യമാര്‍ക്കറ്റിലെ ഹെല്‍പ്പര്‍ തൊഴിലാളിയായിരുന്നു ഖാലിദ്. ശനിയാഴ്ച രാത്രി 8.45 ഓടെ ബീച്ച് റോഡ് റെയില്‍വേ ഗേറ്റ് മുറിച്ചുകടക്കുന്നതിനിടെ ട്രയിന്‍ തട്ടി മരിക്കുകയായിരുന്നെന്ന് പയ്യോളി പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. മാവേലി എക്‌സ്പ്രസ് തട്ടിയായിരുന്നു അപകടം.

ഇയാള്‍ക്ക് കേള്‍വിക്കുറവുണ്ടായിരുന്നെന്നും ശക്തമായ കാറ്റും ട്രെയിന്‍ കടന്നുവരുന്ന വേഗതയും കൂടിയായപ്പോള്‍ ഇയാള്‍ ട്രെയിനുമുന്നിലേക്ക് തെറിച്ചു വീഴുകയായിരുന്നുവെന്നാണ് അറിഞ്ഞതെന്ന് പയ്യോളിയിലെ വാര്‍ഡ് കൗണ്‍സിലര്‍ വി.കെ അബ്ദുറഹ്‌മാന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

സഫിയയാണ് ഭാര്യ. മകന്‍: ജംഷീദ്.