” വർഷങ്ങൾക്ക് മുൻപ് നിങ്ങളുടെ വീട്ടിൽ നിന്ന് മോഷ്ടിച്ച സ്വർണ്ണാഭരണമാണിത്, സ്വീകരിക്കുക” തുറയൂര്‍ ഇരിങ്ങത്ത് സ്വദേശിക്ക് നഷ്ടപ്പെട്ട ആഭരണം 9 വർഷങ്ങൾക്കു ശേഷം തിരിച്ചു നൽകി കള്ളന്റെ മഹാമനസ്കത, വിശ്വസിക്കാനാവാതെ റസാഖും കുടുംബവും


തുറയൂര്‍: ‘കുറച്ച് വര്‍ഷങ്ങള്‍ക്കുമുമ്പേ നിങ്ങളുടെ വീട്ടില്‍നിന്ന് ഇങ്ങനെ ഒരു സ്വര്‍ണാഭരണം അറിയാതെ ഞാന്‍ എടുത്തുപോയി. അതിന് പകരമായി ഇത് നിങ്ങള്‍ സ്വീകരിച്ച് പൊരുത്തപ്പെട്ട് തരണം…’ ഒരു മോഷ്ടാവിന്റെ കത്തിലെ വരികളാണിവ.

തുറയൂര്‍ ഇരിങ്ങത്ത് ചാലിക്കണ്ടി റസാഖിന്റെ വീട്ടുകാര്‍ക്കാണ് കത്തും നഷ്ടപ്പെട്ട ഏഴരപ്പവന്റെ മാലയും ഒമ്പതുവര്‍ഷത്തിനുശേഷം തിരിച്ചുകിട്ടിയത്.

റസാഖിന്റെ ഭാര്യ ബുഷ്‌റയുടെ മാല കാണാതാവുന്നത് 2012-ലാണ്. ഒരിക്കല്‍ മാല ധരിച്ച് പുറത്തുപോകാന്‍ നോക്കിയപ്പോഴാണ് മാല അലമാരയില്‍ ഇല്ലെന്നറിയുന്നത്. വീട്ടിലെ എല്ലായിടത്തും തപ്പിയെങ്കിലും കിട്ടിയില്ല. വീട്ടില്‍ കള്ളന്‍കയറിയ സൂചനയും ഉണ്ടായിരുന്നില്ല. മാല വീണുപോയതായിരിക്കുമെന്ന് ബുഷ്‌റ സംശയിച്ചു. പതിയെ സംഭവം മറന്നുപോകുകയും ചെയ്തു.

കഴിഞ്ഞദിവസം രാവിലെ ജനാലയ്ക്കരികിലാണ് ഒരു കടലാസുപൊതി കാണുന്നത്. പൊതികണ്ട് ഭയംതോന്നിയ ബുഷ്‌റ വടികൊണ്ട് അത് തട്ടിത്താഴെയിട്ടു. പിന്നെ നോക്കിയപ്പോഴാണ് കണ്ണ് തിളങ്ങിപ്പോയത് -ഒരിക്കലും തിരിച്ചുകിട്ടില്ലെന്നു കരുതിയ മാലയും ഒരു കത്തും.

എട്ട് പവനായിരുന്നു നഷ്ടപ്പെട്ട മാല. ഇപ്പോഴത്തെ വില കണക്കിലെടുത്ത് കള്ളന്‍ ഏഴരപ്പവന്റെ മാലയാണ് പകരം നല്‍കിയതെന്നുമാത്രം.