വ്യാജന്മാരുടെ കെണിയില്‍ വീഴല്ലേ! വൈദ്യുതി ബില്ലടപ്പിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ്; കണ്ണൂര്‍ സ്വദേശിയായ മുന്‍ ബാങ്ക് മാനേജര്‍ക്ക് അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ടത് ഒരു ലക്ഷം രൂപ


തിരുവനന്തപുരം: വൈദ്യുതി ബില്ലടക്കണമെന്നാവശ്യപ്പെട്ട് ഓണ്‍ലൈന്‍ തട്ടിപ്പ്. നിരവധി ഉപഭോക്താക്കള്‍ക്ക് പണം നഷ്ടപ്പെട്ട സാഹചര്യത്തില്‍ കെഎസ്ഇബി, പൊലീസിന്റെ ഹൈ ടെക് സെല്ലില്‍ പരാതി നല്‍കി. ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടു

എത്രയും വേഗം പണമടച്ചില്ലെങ്കില്‍ വൈദ്യുതി വിച്ഛേദിക്കും. ആധാര്‍ നമ്പര്‍ വൈദ്യുതി കണക്ഷനുമായി ബന്ധപ്പെടുത്തണം, ഇത്തരത്തിലുള്ള മൊബൈല്‍ സന്ദേശങ്ങളാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. സന്ദേശത്തിലെ മൊബൈല്‍ നമ്പരില്‍ ബന്ധപ്പെട്ടാല്‍ കെ എസ്ഇബിയുടെ ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന സംസാരിച്ച് ഒരു പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടും. തുടര്‍ന്ന് ഉപഭോക്താവിന്റെ ബാങ്ക് വിവരങ്ങള്‍ കൈക്കലാക്കി പണം കവരുകയും ചെയ്യുന്ന ശൈലിയാണ് തട്ടിപ്പുകാര്‍ക്കുള്ളത്.

കണ്ണൂര്‍ സ്വദേശിയായ റിട്ട ബാങ്ക് മാനേജര്‍ക്ക് ഒരു ലക്ഷത്തോളം രൂപയാണ് നശ്ടപ്പെട്ടത്. ഉപഭോക്താക്കളുടെ താൽപര്യംസംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് കെഎസ്ഇബി പൊലീസില്‍ പരാതി നല്‍കിയത്. ഛത്തീസ്ഗഡിലുള്ള സംഘമാണ് കെഎസ്ഇബി ഉപഭോക്താക്കളുടെ പണം തട്ടുന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വ്യാജ സന്ദേശങ്ങളോട് ഉഫഭോക്താക്കള്‍ യാതൊരു കാരണവശാലും പ്രതികരിക്കരുതെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടു.

കെഎസ് ഇ ബി അയക്കുന്ന സന്ദേശങ്ങളിൽ അടയ്ക്കേണ്ട ബിൽ തുക, 13 അക്ക കൺസ്യൂമർ നമ്പർ, സെക്ഷന്റെ പേര്, പണമടയ്ക്കേണ്ട അവസാന തീയതി, പണമടയ്ക്കാനുള്ള ഉപഭോക്തൃ സേവന വെബ്സൈറ്റ് ലിങ്ക് തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കും. കെഎസ് ഇ ബിയുടെ വൈദ്യുതി ബിൽ അടയ്ക്കാൻ. http://wss.kseb.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ഇൻസ്റ്റാൾ ചെയ്യാവുന്ന KSEB എന്ന ഔദ്യോഗിക ആൻഡ്രോയ്ഡ് മൊബൈൽ ആപ്ലിക്കേഷനോ പ്രയോജനപ്പെടുത്തണം.

സംശയം ജനിപ്പിക്കുന്ന കോളുകളോ സന്ദേശങ്ങളോ ലഭിക്കുകയാണെങ്കിൽ 1912 എന്ന ടോൾഫ്രീ കസ്റ്റമർ കെയർ നമ്പരിലോ കെ എസ് ഇ ബി സെക്ഷൻ ഓഫീസിലോ വിളിച്ച് വ്യക്തത വരുത്തേണ്ടതാണെന്നും കെഎസ്ഇബി ആവശ്യപ്പെട്ടു.