വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നു, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കാനത്തില്‍ ജമീല


കൊയിലാണ്ടി : ഇടത് മുന്നണി സ്ഥാനാര്‍ത്ഥി കാനത്തില്‍ ജമീലക്കെതിരെ വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി എല്‍ഡിഎഫ്.
മത സ്പര്‍ദയുളവാക്കുന്ന തരത്തില്‍ കാനത്തില്‍ ജമീല പ്രസംഗിച്ചതായാണ് വീഡിയോയുടെ ഉള്ളടക്കം.

12 വര്‍ഷം മുമ്പ് കോഴിക്കോട് വെച്ച് കാനത്തില്‍ ജമീല നടത്തിയ ഒരു പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ വെട്ടി മാറ്റിയും മറ്റ് ചില ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്തും ഉണ്ടാക്കിയ വീഡിയോ ആണ് പ്രചരിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. ഈ വീഡിയോയുടെ പൂര്‍ണ്ണരൂപം ഉള്‍ക്കൊള്ളുന്ന വീഡിയോ ക്ലിപ്പിംഗും കമ്മീഷന് കൈമാറിയിട്ടുണ്ട്. ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഇടത് നേതാക്കളും സ്ഥാനാര്‍ത്ഥിയും വരണാധികാരിയായ ജില്ലാ കലക്ടര്‍ക്കും മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു.

കഴിഞ്ഞ 25 വര്‍ഷത്തിലേറെയായി പൊതുരംഗത്തും ഭരണരംഗത്തും മികവ് തെളിയിച്ച ജമീലയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യപനത്തോടെ പരാജയഭീതിയിലായ യു.ഡി.എഫ് ആണ് ഇതിന് പിന്നിലെന്നാണ് എല്‍.ഡി.എഫ്. നേതാക്കളുടെ ആരോപണം.