വൈഗയുടെ കൊലപാതകം; സനുമോഹന്‍ ചൂതാട്ടത്തിന് ചെലവാക്കിയത് അരലക്ഷം


കളമശ്ശേരി: മുട്ടാര്‍ പുഴയില്‍ വെച്ച് മകള്‍ വൈഗയെ കൊലപ്പെടുത്തിയ കേസില്‍ സനു മോഹനെ ഗോവയിലെത്തിച്ച് തെളിവെടുത്തു. ഇയാള്‍ ഗോവയില്‍ ചൂതാട്ടത്തിന് ചെലവഴിച്ചത് 50,000 രൂപയാണെന്ന് പൊലീസ് പറഞ്ഞു. ഇവിടെ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതായി പ്രതി പറഞ്ഞ സ്ഥലങ്ങള്‍ പരിശോധിച്ചെങ്കിലും തെളിവൊന്നും ലഭിച്ചില്ല. ആത്മഹത്യാശ്രമത്തെക്കുറിച്ച് സനു പറഞ്ഞ വിവരങ്ങളില്‍ പൊരുത്തക്കേടുകളുണ്ടെന്നും വീണ്ടും ചോദ്യം ചെയ്യുമെന്നും അന്വേഷണസംഘം വ്യക്തമാക്കി. പ്രതി താമസിച്ച ഹോട്ടല്‍, ചൂതാട്ടസ്ഥലങ്ങള്‍, ബീച്ച് എന്നിവിടങ്ങളിലും തെളിവെടുത്തു.


അന്വേഷണസംഘം ഇന്ന് കൊല്ലൂരിലെത്തും. തുടര്‍ന്ന് മൂകാംബിക, മുരുഡേശ്വര്‍, കാര്‍വാര്‍ എന്നിവിടങ്ങളിലും തെളിവെടുക്കും. സനുവിന്റെ കാറില്‍ കണ്ട രക്തസാമ്പിളിന്റെ ഫോറന്‍സിക് പരിശോധനാഫലം രണ്ടുദിവസത്തിനകം ലഭിക്കുമെന്ന് എസിപി ആര്‍ ശ്രീകുമാര്‍ പറഞ്ഞു. മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ സനുമോഹനെ ഏറെ ദിവസങ്ങള്‍ക്ക് ശേഷമാണ് പിടികൂടിയത്. ആത്മഹത്യ ചെയ്യാനാണ് തീരുമാനമെന്നായിരുന്നു, പക്ഷേ ആത്മഹത്യ ചെയ്യാന്‍ പേടിയായിരുന്നു എന്നുമാണ് സനു പോലീസിന് മൊഴി നല്‍കിയത്.