വേളത്തും കോവിഡ് ഡെൽറ്റ വകഭേദം സ്ഥിരീകരിച്ചു
കുറ്റ്യാടി: വേളം പഞ്ചായത്തിൽ കോവിഡ് ഡെൽറ്റ വകഭേദം ബാധ സ്ഥിരീകരിച്ചു. പഞ്ചായത്തിലെ 5–ാം വാർഡിലെ 52കാരനാണ് ഡെൽറ്റ സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച ശേഷം നടത്തിയ പരിശോധനയിലാണ് ഡെൽറ്റ ബാധ കണ്ടെത്തിയത്. പഞ്ചായത്തിൽ ആരോഗ്യ വിഭാഗം ജാഗ്രത കർശനമാക്കി. സമ്പർക്കത്തിലുള്ളവരുടെ ലിസ്റ്റ് തയാറാക്കി നിരീക്ഷണത്തിലാക്കാനുള്ള നടപടി തുടങ്ങി.
ചെറുകുന്ന് പ്രദേശത്തെ 160 വീടുകളിലുള്ളവർക്ക് ആർടിപിസിആർ, ആന്റിജൻ ടെസ്റ്റുകൾ നടത്തുന്നതിനുള്ള നടപടി ആരംഭിച്ചു. കഴിഞ്ഞ ദിവസം ചെറുകുന്ന് ഗവ. യുപി സ്കൂളിൽ നടന്ന ക്യാംപിൽ 114 പേർക്ക് ആർടിപിസിആർ ടെസ്റ്റും 55 പേർക്ക് ആന്റിജൻ ടെസ്റ്റും നടത്തി. ബാക്കിയുള്ളവർക്ക് തുടർ ദിവസങ്ങളിലും പരിശോധന നടത്തും. 5–ാം വാർഡിലെ ചെറുകുന്ന് പ്രദേശത്തുള്ള ജനങ്ങൾ സമീപ ദിവസങ്ങളിൽ കോവിഡ് പരിശോധന നടത്തിയ ശേഷം മാത്രമേ പുറത്തിറങ്ങാൻ പാടുള്ളൂ എന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.