‘വേണ്ടാട്ടോ പണി കിട്ടും, ഇത് പഴയ കേരളമല്ല’; സ്ത്രീധന പീഡനങ്ങള്‍ക്കെതിരെ ഫെഫ്കയുടെ ഹ്രസ്വ ചിത്രം, വീഡിയോ കാണാം


കോഴിക്കോട്: കേരളത്തില്‍ കഴിഞ്ഞ മാസങ്ങളായി സ്ത്രീധന മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ എണ്ണം കൂടിവരുകയാണ്. കൊല്ലം സ്വദേശിയായ വിസ്മയയുടെ മരണത്തിന് പിന്നാലെയാണ് ഗാര്‍ഹിക പീഡനങ്ങളെ കുറിച്ച് കേരളം ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയത്. വിസ്മയയുടെ കേസിന് പിന്നാലെ നിരവധി സമാന കേസുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇപ്പോഴിതാ സ്ത്രീധനത്തിന്റെ പേരിലും അല്ലാതെയുള്ള ഗാര്‍ഗിഹ പീഡനങ്ങളും കുറ്റകരമാണെന്ന ബോധവത്കരണം നടത്തുന്നതിനായി സിനിമ പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക ഒരു ഹ്രസ്വ ചിത്രം പുറത്തിറക്കിയിരിക്കുകയാണ്. കേരളം പഴയ കേരളമല്ലെന്നും ഇത്തരക്കാര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നുമാണ് വീഡിയോയിലൂടെ പറഞ്ഞുവെക്കുന്നത്.

കേരള സര്‍ക്കാരിന്റെ വനിത ശിശുക്ഷേമ വകുപ്പുമായി ചേര്‍ന്നാണ് ഹ്രസ്വ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മോഹന്‍ലാല്‍, പൃഥ്വിരാജ്, മമ്മൂട്ടി, മഞ്ജു വാര്യര്‍ തുടങ്ങി പ്രമുഖ താരങ്ങളെല്ലാം തന്നെ ഹ്രസ്വ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. വീഡിയോയില്‍ എസ്തര്‍ അനിലാണ് പ്രധാന വേഷം ചെയ്തിരിക്കുന്നത്. അവസാന ഭഗത്തില്‍ മഞ്ജു വാര്യര്‍ സ്ത്രീധനത്തിന്റെ പേരിലുള്ള ആക്രമണം കുറ്റകരമാണെന്ന് പറയുകയും ചെയ്യുന്നുണ്ട്.

 

‘ഉറപ്പാണ് പണി കിട്ടും. ഇത് പഴയ കേരളമല്ല. ഇവിടെ ഒരു സ്ത്രീയും ഒറ്റക്കല്ല. സ്ത്രീകള്‍ക്കെതിരായുള്ള ആക്രമണങ്ങളും, സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും ശിക്ഷാര്‍ഹമാണ്. അനീതി നേരിടുന്ന ഓരോ പെണ്‍കുട്ടിയും ഓര്‍ക്കുക നിങ്ങള്‍ ഒറ്റക്കല്ല. ഒരു സമൂഹം കൂടെയുണ്ട്.’

മഞ്ജു വാര്യര്‍