അമിതവേഗതയിലെത്തിയ ബസ് ബൈക്കിലിടിച്ച് തലക്കുളത്തൂര്‍ സ്വദേശിയായ 19കാരന്‍ മരിച്ചു; അപകടം വെസ്റ്റ്ഹില്ലില്‍- വീഡിയോ


കോഴിക്കോട്: വെസ്റ്റ്ഹില്ലില്‍ ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. തലക്കുളത്തൂര്‍ സ്വദേശി മണികണ്ഠന്‍ (19) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ബന്ധു നിതിനെ ഗുരുതരപരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കണ്ണൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യബസ് ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്. വ്യാഴാഴ്ച പുലര്‍ച്ചെ 8.45 ഓടെ വെസ്റ്റ് ഹില്‍ സെന്റ് മൈക്കിള്‍സ് സ്‌കൂളിന് മുന്‍വശത്തായിരുന്നു സംഭവം. അമിത വേഗതയിലെത്തിയ ബസ് മറ്റൊരു ബസിനെ മറികടക്കുന്നതിനിടെ ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു.

ഇവര്‍ സഞ്ചരിച്ച ഡ്യൂക്കിന്റെ പുതിയ മോഡല്‍ ബൈക്ക് ഇടിയുടെ ആഘാതത്തില്‍ ബസിനുള്ളിലായി. നാട്ടുകാരെത്തി അപകടത്തില്‍പ്പെട്ടവരെ വലിച്ച് പുറത്തെടുക്കുകയായിരുന്നു. പരിക്കേറ്റവരെ ഉടന്‍ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കില്‍ മണികണ്ഠന്‍ മരണപ്പെടുകയായിരുന്നു.