വെള്ളക്കാര്‍ഡ് ഉടമകള്‍ക്ക് ഈ മാസം പത്തുകിലോ അരി; നീല കാര്‍ഡിന് മൂന്ന് കിലോ


തിരുവനന്തപുരം: പൊതുവിഭാഗം (വെള്ള കാര്‍ഡ്) ഉടമകള്‍ക്ക് ഈമാസം പത്തുകിലോ അരി അധികമായി നല്‍കുമെന്ന് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍.

ഏഴുകിലോ 10.90 രൂപ നിരക്കിലും മൂന്നു കിലോ 15 രൂപ നിരക്കിലുമാകും വിതരണം ചെയ്യുക. പൊതുവിപണിയില്‍ കിലോയ്ക്ക് 30 രൂപ വിലയുള്ള അരിയാണ് ഇത്തരത്തില്‍ വിതരണം ചെയ്യുക എന്ന് മന്ത്രി വ്യക്തമാക്കി.

അനാഥാലയങ്ങളിലെ അന്തയവാസികള്‍ക്ക് അഞ്ച് കിലോ അരികൂടി നല്‍കും. നീലക്കാര്‍ഡ് ഉടമകള്‍ക്ക് പതിനഞ്ചു രൂപ നിരക്കില്‍ മൂന്നു കിലോ അരി അധികമായി നല്‍കും. കേരളത്തിനുള്ള പച്ചരി, പുഴുക്കലരി അനുപാതം 50:50 ആക്കി. എഫ്‌സിഐയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത് എന്നും മന്ത്രി പറഞ്ഞു.

വെള്ളകാര്‍ഡുകള്‍ക്ക് ഡിസംബറില്‍ അഞ്ചുകിലോയും നവംബറില്‍ നാലുകിലോയും അരിയായിരുന്നു ലഭിച്ചിരുന്നത്. മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ വിഹിതത്തില്‍ മാറ്റമില്ല. സംസ്ഥാനത്ത് നവംബറില്‍ 17.2 ലക്ഷം കുടുംബങ്ങള്‍ റേഷന്‍ വാങ്ങിയിട്ടില്ലെന്നാണ് കണക്ക്. ഡിസംബറിലും ഇതുതന്നെയാണ് അവസ്ഥ.