‘വെള്ള നിറത്തിലുള്ള കാര്‍ എന്നെ തട്ടി കൈക്കും കാലിനും പരിക്ക് പറ്റി, വണ്ടി നിര്‍ത്താതെ കോഴിക്കോട്ട് ഭാഗത്തേക്ക് പോയി’;വി.ടി ബല്‍റാമിന്റെ വാദങ്ങള്‍ തെറ്റെന്ന് തെളിയന്നു, യുവതി കൊയിലാണ്ടി പോലീസിന് നല്‍കിയ പരാതി പുറത്ത്


കൊയിലാണ്ടി: കോണ്‍ഗ്രസ് വൈസ് പ്രസിഡന്റും തൃത്താല മുന്‍ എം.എല്‍.എയുമായ വി.ടി. ബല്‍റാം സഞ്ചരിച്ച കാര്‍ ഇടിച്ച് യുവതിക്ക് പരിക്കേറ്റ സംഭവത്തില്‍ യുവതി പരാതി നൽകിയിട്ടില്ല എന്ന യൂത്ത് കോൺഗ്രസ്സിന്റെയും വി.ടി ബൽറാമിന്റെയും വാദം തെറ്റാണെന്ന് തെളിയുന്നു. യുവതി പോലീസിന് നല്‍കിയ പരാതിയുടെ കോപ്പി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനു ലഭിച്ചു.

കെ.എല്‍ 52 എഫ് 100 എന്ന നമ്പറിലുള്ള ഇന്നോവ കാര്‍ തന്നെ തട്ടിയശേഷം നിര്‍ത്താതെ കോഴിക്കോട് ഭാഗത്തേക്ക് പോയി എന്നാണ് യുവതി എസ്.ഐയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. കൈക്കും കാലിനും പരിക്ക് പറ്റിയെന്നും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെന്നും യുവതി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ യുവതി അത്തരത്തിലൊരു പരാതി നൽകിയിട്ടില്ലെന്നും ബൽറാമിനെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണ് എന്നും യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇതിനിടിയിലാണ് സഫിയയുടെ കയ്യൊപ്പിലുള്ള പരാതി കൊയിലാണ്ടി ന്യൂസിന് ലഭിക്കുന്നത്. യുവതി പോലീസിൽ പരാതി നൽകിയതിന് ശേഷം വാർത്ത ആദ്യം പുറത്തു വിട്ടത് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമായിരുന്നു, എന്നാൽ കൊയിലാണ്ടിയിലെ ഓൺലൈൻ മാധ്യമം വ്യാജ വാർത്ത ചമയ്ക്കുകയാണെന്ന ആക്ഷേപവുമായി യൂത്ത് കോൺഗ്രസ്സ് രംഗത്തെത്തി. എന്നാൽ യുവതിയുടെ പരാതി പുറത്തായതോടെ ഈ ആക്ഷേപങ്ങൾ തെറ്റാണെന്ന് തെളിയുകയാണ്.

 

സഫിയ നൽകിയ പരാതിയുടെ പൂർണ്ണ രൂപം:

ബഹുമാനപ്പെട്ട കൊയിലാണ്ടി എസ്.ഐ അവര്‍കള്‍ക്ക് സഫിയ 49 w/o കോയുട്ടി, പൊന്നാരി (ho) കാവുംവെട്ടം, മൂഴിക്ക് മീത്തല്‍ എന്നയാള്‍ ബോധിപ്പിക്കുന്ന പരാതി.

സര്‍, ഇന്ന് 11/12/2021 തിയ്യതി ഞാനും ഭര്‍ത്താവും ഒരുമിച്ച് കൊയിലാണ്ടി ഡോക്ടറെ കാണിക്കാന്‍ വന്ന സമയം വൈകുന്നേരം: 4.30 മണിയോടെ കൊയിലാണ്ടി പുതിയ ബസ്റ്റാന്റിനു സമീപം ദേശീയപാതയില്‍ റോഡ് ക്രോസ് ചെയ്യുന്ന സമയം വടകര ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കെ.എല്‍ 52-എഫ്-100 നമ്പര്‍ ഇന്നോവ കാര്‍ എന്നെ തട്ടി എന്റെ കൈക്കും കാലിനും പരിക്ക് പറ്റുകയും ചെയ്തു. വണ്ടി നിര്‍ത്താതെ കോഴിക്കോട്ട് ഭാഗത്തേക്ക് പോയി. ഞാന്‍ കൊയിലാണ്ടി ടി.എച്ച്.ക്യു ആശുപത്രിയില്‍ കാണിച്ചു ചികിത്സ തേടി. ഈ കാര്യത്തില്‍ എനിക്ക് പരാതിയുണ്ട്. മേല്‍പറഞ്ഞ വാഹനത്തിന്റെ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിനു കാരണം. ഡ്രൈവറെ വിളിച്ച് എന്റെ പരാതിക്ക് പരിഹാരം കാണണം.

എന്ന്,
സഫിയ (ഒപ്പ്)

ശനിയാഴ്ച വൈകിട്ടാണ് ബല്‍റാം സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ കൊയിലാണ്ടിയില്‍ വച്ച് യുവതിയെ ഇടിച്ചത്. കൈക്ക് പരിക്കേറ്റ സഫിയ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.