വെളുത്ത പതയുണ്ടാക്കാനായി ഉപയോഗിച്ചത് ടണ്‍ കണക്കിന് സോപ്പുപൊടി, കൃത്രിമ കടലില്‍ തിരമാല ഉണ്ടാക്കിയത് ജെ.സി.ബി ഉപയോഗിച്ച്; ‘മരക്കാർ’ ചിത്രീകരിച്ചത് എങ്ങനെയെന്ന് കാണിക്കുന്ന വീഡിയോ പുറത്ത് (Watch Video)
മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ ചിത്രം ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ അടുത്തിടെയാണ് തിയേറ്ററുകളിലെത്തിയത്. വലിയ സ്വീകരണമാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. ഉടന്‍ തന്നെ ചിത്രം ആമസോണ്‍ പ്രൈമിലും റിലീസ് ചെയ്യുമെന്ന് അണിയറക്കാര്‍ അറിയിച്ചതോടെ ചിത്രം കൂടുതല്‍ പേരിലേക്ക് എത്താനുള്ള സാഹചര്യം ഒരുങ്ങിയിരിക്കുകയാണ്.
ഒ.ടി.ടി റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടു. ചിത്രത്തിലെ കടല്‍ രംഗങ്ങള്‍ ചിത്രീകരിച്ചത് എങ്ങനെയെന്ന് വ്യക്തമാക്കുന്ന വീഡിയോ ആണ് അണിയറക്കാര്‍ പുറത്തുവിട്ടത്. വീഡിയോ ഇതിനകം വൈറലായി.
ഒന്നരയേക്കറോളം വലുപ്പമുള്ള ടാങ്ക് നിര്‍മ്മിച്ച അതിലാണ് മരക്കാറിനായി കൃത്രിമ കടല്‍ ഒരുക്കിയത്. ഇവിടെയാണ് ചിത്രത്തില്‍ നമ്മള്‍ കണ്ട് വിസ്മയിച്ച തിരയും കൊടുങ്കാറ്റും കടല്‍യുദ്ധവുമെല്ലാം അരങ്ങേറിയതെന്ന് വിശ്വസിക്കാന്‍ പ്രയാസമാകും.
സാബു സിറിളാണ് ചിത്രത്തിന്റെ കലാസംവിധായകന്‍. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം മൂന്ന് പടുകൂറ്റന്‍ കപ്പലുകളാണ് ചിത്രത്തിനായി നിര്‍മ്മിച്ചത്. ഈ കപ്പലുകളാണ് ഒന്നരയേക്കര്‍ വലുപ്പമുള്ള ടാങ്കില്‍ പടക്കപ്പലുകളായത്. അറുപതടി ഉയരവും നൂറടി നീളവുമുള്ള കപ്പലുകളാണ് ഇവ.
ഇരുപതടി ഉയരമുള്ള ടാങ്കുകളില്‍ വെള്ളം നിറച്ച് ഒരുമിച്ച് തുറന്നുവിട്ടാണ് തിരയുണ്ടാക്കിയത്. മീന്‍പിടുത്തക്കാര്‍ ഉപയോഗിക്കുന്ന യമഹ എന്‍ജിനുകള്‍ ഒരുമിച്ചു പ്രവര്‍ത്തിപ്പിച്ച് തിരയ്ക്ക് ശക്തി കൂട്ടി. ജെ.സി.ബിയുടെ കൈകളില്‍ ഡ്രമ്മുകള്‍ കെട്ടിവച്ച് ആഞ്ഞടിച്ചു തിരയുടെ ഇളക്കമുണ്ടാക്കി.
ടണ്‍ കണക്കിനു സോപ്പുപൊടിയിട്ട് അതില്‍ കടലിലെ വെളുത്ത പതയുണ്ടാക്കി. നൂറുകണക്കിനു പേരുടെ അധ്വാനത്തിന്റെ ഫലമായിരുന്നു കപ്പലിലെ ആ യുദ്ധരംഗങ്ങളെന്ന് മേക്കിങ് വീഡിയോ കാണിച്ചുതരുന്നു.
വീഡിയോ കാണാം:
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.