വെളിയണ്ണൂര്‍ ചല്ലി വികസനം: ഇക്കോ ടൂറിസം പദ്ധതികള്‍ക്ക് സാധ്യതകളേറെ; വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനായി മുന്നിലുള്ളത് നിരവധി മാര്‍ഗങ്ങള്‍
കൊയിലാണ്ടി: വെളിയണ്ണൂര്‍ ചല്ലി വിനോദ സഞ്ചാര കേന്ദ്രമായി വികസിപ്പിക്കുമ്പോള്‍ സാധ്യതകളേറെയാണ്. കൃത്യമായ ആസൂത്രണത്തോടെ പദ്ധതികള്‍ ആവിഷ്‌കരിച്ചാല്‍ ഇങ്ങോട്ട് വിനോദസഞ്ചാരികള്‍ ഒഴുകുമെന്ന കാര്യത്തില്‍ സംശയമില്ല.
വെളിയണ്ണൂര്‍ ചല്ലിയില്‍ നെല്‍കൃഷിയ്ക്ക് അനുയോജ്യമല്ലാത്ത ജലാശയങ്ങള്‍ കേന്ദ്രീകരിച്ചുള്ള ജല ടൂറിസം പദ്ധതികള്‍ക്കാണ് കൂടുതല്‍ സാധ്യതകള്‍ ഉള്ളത്. പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര പദ്ധതികളാണ് വെളിയണ്ണൂര്‍ ചല്ലി കേന്ദ്രീകരിച്ച് തുടങ്ങേണ്ടത്. ചല്ലി നെല്‍കൃഷിയ്ക്ക് അനുയോജ്യമാക്കാന്‍ വേണ്ടി അരിക്കുളം ഒറവിങ്കല്‍ താഴ ഭാഗത്ത് നിന്ന് ചെറോല്‍പ്പുഴ ഭാഗത്തേക്ക് നിര്‍മ്മിച്ച തോട് ബലപ്പെടുത്താനും ഈ തോടുമായി ബന്ധപ്പെടുത്തി ധാരാളം ഇടത്തോടുകള്‍ നിര്‍മ്മിക്കാനും പദ്ധതിയുണ്ട്.
പ്രധാന തോടിന്റെ ഇരു കരകളിലും കൂടി ട്രാക്ടര്‍ പാതയും ഉദ്ദേശിക്കുന്നുണ്ട്. കിലോമീറ്ററുകള്‍ നീളുന്ന ഈ പാതയിലൂടെ ആളുകള്‍ക്ക് പ്രഭാത, സായാഹ്ന സവാരി നടത്താനുളള സംവിധാനമൊരുക്കണം. ട്രാക്ടര്‍ വേ പരിഷ്‌ക്കരിച്ചാല്‍ കതിരണിഞ്ഞ പാടത്തിന് നടുവിലൂടെയുളള യാത്ര ഏറെ ആകര്‍ഷകമാകും. പാതയോരങ്ങളില്‍ ചെണ്ടുമല്ലി പോലുളള പൂച്ചെടികള്‍, അലങ്കാര സസ്യങ്ങള്‍, ഔഷധ സസ്യങ്ങള്‍, കാന്താരി മുളക് എന്നിവ നട്ടു വളര്‍ത്തണം.
മാത്രവുമല്ല പാതയില്‍ ലഘു ഭക്ഷണങ്ങളും പാനീയങ്ങളും ലഭിക്കുന്ന ചെറുകടകളും വേണം. കുടുംബശ്രീ യൂണിറ്റുകളെ ഇതിനായി ഉപയോഗപ്പെടുത്താം. ഈ കടകളില്‍ പരമ്പരാഗത ഭക്ഷ്യ വിഭവങ്ങളും ലഘു ഭക്ഷണങ്ങളും ലഭ്യമാക്കണം. വെളിയണ്ണൂര്‍ ബ്രാന്‍ഡ് നെല്ലരി ലഭിക്കുന്ന കടകള്‍ക്കും ഇവിടെ വലിയ സാധ്യതയുണ്ട്.
പ്രധാന തോടുകളില്‍ മത്സ്യകൃഷി, താറാവ് കൃഷി എന്നിവ നടത്താം. പ്രാദേശികമായി ക്ഷീര കര്‍ഷകരെ സംഘടിപ്പിച്ച് കന്നു കാലി വളര്‍ത്തലും വ്യാപകമാക്കാം. ചല്ലിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ നെല്‍ കൃഷിയോടൊപ്പം ഔഷധ സസ്യകൃഷി, മീന്‍ വളര്‍ത്തല്‍, കന്നുകാലി കൃഷി, താറാവ് വളര്‍ത്തല്‍ എന്നിവയും വെളളക്കെട്ട് കൂടുതലുളള പുഴയുടെ ഭാഗത്ത് ബോട്ടിംഗ് ടുറിസവുമാകാമെന്നാണ് വിലയിരുത്തല്‍.
മൂഴിക്കുമീത്തല്‍ നമ്പൂരിക്കണ്ടി താഴ ബണ്ടിന്റെ താഴെയുളള ഭാഗങ്ങളില്‍ നെല്‍കൃഷി പ്രയോഗികകമല്ലെന്ന് വിവിധ വകുപ്പുകള്‍ നടത്തിയ പഠനങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. ഇവിടെ കൂടുതല്‍ വെളളക്കെട്ടുളള ഭാഗങ്ങള്‍ ടൂറിസം സ്‌പോട്ടുകളാക്കി മാറ്റിയെടുക്കുകയാണ് വേണ്ടത്. ശാന്തമായ വെളളക്കെട്ടാണിത്. അപകട രഹിതമായ ജലാശയം കൂടിയായതിനാല്‍ ആളുകള്‍ക്ക് കുടുംബമായി എത്തി ബോട്ടിംഗ് ആസ്വദിക്കാം. വയനാട് പൂക്കോട് തടാകത്തിനെക്കാളും മനോഹരമായ ജലാശയമാണ് ഇതെന്ന് പറഞ്ഞാല്‍ അതിലൊട്ടും അതിശയോക്തി ഇല്ല.
ഇവിടെ പെഡല്‍ബോട്ട്, ശിക്കാരി ബോട്ട് എന്നീ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. അയനിക്കാട് ഡാമിന്റെ സമീപത്തായി നമ്പൂരികണ്ടി താഴ ഭാഗത്ത് കൊയിലാണ്ടി നഗരസഭ മുന്‍കൈയെടുത്ത് ഒരു കണ്‍വെന്‍ഷന്‍ സെന്റര്‍ തുടങ്ങിയാല്‍ വിവാഹങ്ങള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്താനുളള സൗകര്യവും ലഭിക്കും. സഞ്ചാരികളെ ഈ സ്ഥലത്തേക്ക് ആകര്‍ഷിക്കാന്‍ ഗതാഗത സൗകര്യവും മെച്ചപ്പെടുത്തണം. വെളിയണ്ണൂര്‍ ചല്ലിയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാനുളള ഭാവനാ പൂര്‍ണ്ണമായ നടപടികളാണ് വേണ്ടത്.
പ്രകൃതിയെ നോവിക്കാത്ത ടൂറിസം പദ്ധതികളാണ് വിഭാവനം ചെയ്യേണ്ടത്. ചിറ്റാരിക്കടവ് റഗുലേറ്റര്‍ കംബ്രിഡിജിന്റെ മേലെ ഭാഗത്ത് രാമന്‍ പുഴയും വെളിയണ്ണൂര്‍ ചല്ലിയും ബന്ധിപ്പിച്ച് ഉല്ലാസ ബോട്ട് സര്‍വ്വീസും ആലോചിക്കാവുന്നതാണ്. വിവിധ തരം ദേശാടന പക്ഷിക്കള്‍ താവളമാക്കുന്ന ഇടം കൂടിയാണ് വെളിയണ്ണൂര്‍ ചല്ലി പ്രദേശം. പക്ഷി നിരീക്ഷകരെയും ഇവിടുത്തേക്ക് ആകര്‍ഷിക്കാവുന്നതാണ്.