വെറ്റിനറി സർവ്വകലാശാലയുടെ ഉപകേന്ദ്രം കൊയിലാണ്ടി വലിയമലയിൽ ഈ വർഷംതന്നെ ആരംഭിക്കും
കൊയിലാണ്ടി: വയനാട്ടിലെ പൂക്കോട് ആസ്ഥാനമായുള്ള കേരള വെറ്റിനറി സർവകലാശാലയുടെ സംരംഭകത്വ, മൃഗസംരക്ഷണ പരിശീലന ഉപകേന്ദ്രം കൊയിലാണ്ടിയിൽ ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. നഗരസഭയ്ക്കു കീഴിലെ നടേരി വലിയമലയിലാണ് സർവകലാശാല ഉപകേന്ദ്രം ആരംഭിക്കുന്നത്. വെറ്റിനറി സർവ്വകലാശാലയുടെ വിദഗ്ധ സംഘം ഇന്നലെ സ്ഥലം സന്ദർശിച്ച് പദ്ധതിയുടെ പുരോഗതി വിലയിരുത്തി.
സർവ്വകലാശാലയുടെ പരിശീലനം, സംരംഭകത്വ വികസനം, കന്നുകാലി ആരോഗ്യ പരിരക്ഷ, മൃഗ സംരക്ഷണവുമായി ബന്ധപ്പെട്ട നൂതന സാങ്കേതിക വിദ്യകൾ കർഷകർക്ക് പരിചയപ്പെടുത്തൽ, മേഖലയുമായി ബന്ധപ്പെട്ട മറ്റ് വികസന പദ്ധതികൾ എന്നിവ കോഴിക്കോട്, കണ്ണൂർ മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർവ്വകലാശാല ഉപകേന്ദ്രം ആരംഭിക്കുന്നത്. സർവ്വകലാശാലയുടെ അധ്യാപന, ഗവേഷണ, വിജ്ഞാന വ്യാപന പ്രവർത്തനങ്ങൾ കോഴിക്കോട്, കണ്ണൂർ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതിനും ഉപകേന്ദ്രം ഉപകാരപ്പെടും.
കേരള സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 2019 ൽ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ച പദ്ധതിക്കായി കഴിഞ്ഞ ബജറ്റിൽ സർക്കാർ 2 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഓരോ വർഷവും 2 കോടി രൂപ വീതം വകയിരുത്തി 5 വർഷം കൊണ്ട് പദ്ധതി പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.
ഉപകേന്ദ്രം പദ്ധതി നോഡൽ ഓഫീസർ ഡോ.എ.പ്രസാദ്, സർവകലാശാല ഡയരക്ടർ ഓഫ് സ്റ്റുഡന്റ് വെൽഫെയർ & പബ്ലിക് റിലേഷൻ ഓഫീസർ ഡോ.ടി.എസ്.രാജീവ്, വൈസ്ചാൻസലറുടെ പ്രതിനിധി കിഷോർ എന്നിവരടങ്ങിയ വിദഗ്ധ സമിതിയാണ് സ്ഥലപരിശോധന നടത്തിയത്.
കൊയിലാണ്ടി എം.എൽ.എ കെ.ദാസനുമായും സംഘം ചർച്ചകൾ നടത്തി. ഈ വർഷം തന്നെ പദ്ധതിക്കാവശ്യമായ ആദ്യഘട്ട നിർമ്മാണവും ആവശ്യമായ പശ്ചാത്തല സൗകര്യ വികസനവും ഒരുക്കി നൽകുമെന്ന് കെ.ദാസൻ എം.എൽ.എ പറഞ്ഞു.