വെറും മുള്ളന്‍പായല്‍ മാത്രമല്ല ആവളയിലെ കാഴ്ച; സഞ്ചാരികള്‍ക്കുവേണ്ടി ആവളപ്പാണ്ടിയുമൊരുങ്ങും


കുറച്ചുകാലം കൊണ്ടുതന്നെ ഗ്രാമീണ ടൂറിസം ഭൂപടത്തില്‍ ശ്രദ്ധേയമായ ഇടംപിടിക്കാന്‍ സാധ്യതയുള്ള പേരാമ്പ്ര മണ്ഡലത്തിലെ പ്രദേശങ്ങളിലൊന്നാണ് ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ആവളപ്പാണ്ടി. ഏക്കറുകളോളം വിസ്തൃതിയില്‍ നീണ്ടുകിടക്കുന്ന പച്ചപ്പ് അതാണ് ആവളപ്പാണ്ടി.

ഒരുകാലത്ത് മലബാറിലെ പ്രധാന നെല്ലറകളിലൊന്നായിരുന്നു പേരാമ്പ്ര മേഖലയില്‍ ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ആവളപ്പാണ്ടി. മൂന്നു പതിറ്റാണ്ടോളം പുല്ലും കാടും പായലും നിറഞ്ഞ് കൃഷിക്കാര്‍ നെല്ലുപേക്ഷിച്ച് പോയ ആവളപ്പാണ്ടി നാശത്തിന്റെ വക്കിലായിരുന്നു. എന്നാല്‍ 2016 ഡിസംബറില്‍ ആവളപ്പാണ്ടിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. സി.പി.ഐ.എം നേതൃത്വത്തില്‍ അയ്യായിരത്തോളം സന്നദ്ധ പ്രവര്‍ത്തകരാണ് ആയിരത്തോളം ഏക്കര്‍ വരുന്ന പാടശേഖരത്ത് അന്ന് ഇറങ്ങിയത്.

അന്ന് മന്ത്രിയായിരുന്ന പേരാമ്പ്ര എം.എല്‍.എ ടി.പി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ പേരാമ്പ്ര മണ്ഡലം വികസന മിഷന്ഞറെ ആഭിമുഖ്യത്തില്‍ പേരാമ്പ്ര മണ്ഡലത്തിലെല്ലാം തരിശ് രഹിത പാടശേഖരങ്ങളാകണം എന്ന ലക്ഷ്യത്തില്‍ നിന്നായിരുന്നു ഇങ്ങനെയൊരു ഉദ്യമം തുടങ്ങിയത്.

ഏക്കറുകളോളം പായലുകള്‍ പടര്‍ന്നുകിടന്നിരുന്ന ആവളപ്പാണ്ടിയില്‍ ഇന്ന് വീണ്ടും വിസ്തൃതമായ നെല്‍പ്പാടങ്ങള്‍ കാണാന്‍ തുടങ്ങി. അതിനിടയില്‍ മത്സ്യക്കൃഷി ചെയ്യുന്നവരുമുണ്ട്. പുലര്‍കാലങ്ങളില്‍ മഞ്ഞ് മൂടിക്കിടക്കുന്ന ആവളപ്പാണ്ടി തീര്‍ച്ചയായും സഞ്ചാരികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത കാഴ്ചയാവും. ദേശാടനപ്പക്ഷികളും കൊറ്റികളും, കിളിക്കൂടുമെല്ലാം കണ്ണിന് വിരുന്നുതന്നെയാവും.

ഇവിടെയുള്ള വാലിയക്കോട് തോട് നവീകരിച്ചാല്‍ അത് ടൂറിസം രംഗത്ത് വലിയ സാധ്യതയാവും. തോടിന് ഇരുവശവും കൈവരി കെട്ട് ഒഴുക്ക് നിയന്ത്രിച്ചാല്‍ കര്‍ഷകര്‍ക്കും ആശ്വാസമാണ്. ഗ്രാമീണ ടൂറിസം വികസനം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തിയ ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ടൂറിസം ഡെസ്റ്റിനേഷന്‍ കൂടിയാണ് ആവളപ്പാണ്ടി. ആവളപ്പാണ്ടിയുടെ ടൂറിസം വികസന സ്വപ്‌നങ്ങള്‍ക്ക് പ്രതീക്ഷയേകുന്നാണ് ഈ പദ്ധതി.

തീര്‍ന്നില്ല ആവളപ്പാണ്ടിയുടെ വിശേഷം. 2020 നവംബറില്‍ ഈ മേഖലയിലെ മുണ്ടൂര്‍മുഴി തോടില്‍ ഒരു കിലോമീറ്ററിലേറെ പടര്‍ന്നുകിടന്ന മുള്ളന്‍പായല്‍ പൂക്കളുടെ കാഴ്ച ഏറെ ശ്രദ്ധനേടിയ ഒന്നായിരുന്നു. കോവിഡ് കാലത്തും സഞ്ചാരികളുടെ തിരക്കായിരുന്നു ഇവിടെ. മുള്ളന്‍പായല്‍ കൂട്ടത്തോടെ പൂവിട്ടുനില്‍ക്കുന്ന കാഴ്ച അതിമനോഹരമാണെങ്കിലും ഈ അധിനിവേശ സസ്യത്തിന്റെ പെരുകല്‍ തദ്ദേശീയ ജലസസ്യങ്ങള്‍ക്ക് ഭീഷണിയാകുമെന്ന ആശങ്കകളളും ഈ സമയത്ത് ഉയര്‍ന്നിരുന്നു.

പേരാമ്പ്ര ചാനിയം കടവ് റോഡില്‍ പന്നിമുക്കില്‍ നിന്നും ആവള റോഡിന് നാലുകിലോമീറ്ററോളം പോയാല്‍ ആവളപ്പാണ്ടിയിലെത്താം.