വീഴരുത് സോഷ്യല്‍ മീഡിയയുടെ ചതിക്കുഴികളില്‍; ശ്രദ്ധേയമായി ചക്കിട്ടപ്പാറ സ്വദേശി ശ്രീജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
പേരാമ്പ്ര: സോഷ്യല്‍ മീഡിയയില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെ കുറിച്ച് അധികമാളുകളും ഇപ്പോഴും ബോധവാന്മാരല്ല. നന്മകള്‍ ഏറെയുണ്ടെങ്കിലും കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുന്നതുള്‍പ്പെടെ ജീവനെടുക്കാന്‍ വരെ സോഷ്യല്‍ മീഡിയയുടെ തെറ്റായ ഉപയോഗം കാരണമാകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ചക്കിട്ടപ്പാറ പഞ്ചായത്ത് അംഗം ഇ.എം. ശ്രീജിത്തിനും ഫേസ്ബുക്കില്‍ നിന്നും മോശമായ അനുഭവമുണ്ടായി. തനിക്കുണ്ടായ അനുഭവത്തെ കുറിച്ച് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത് ആരും വായിക്കാതെ പോകരുത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ചതിയുടെ ചതുപ്പ് നിലങ്ങൾ കൂടിയായ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം എനിക്കുണ്ടായ ഒരു അനുഭവം പങ്കുവെക്കട്ടെ;
ഫെയ്സ്ബുക്കിലും വാട്സാപ്പിലും മറ്റ് മെസഞ്ചർ ആപ്ലിക്കേഷനുകളിലും നമ്മളെ കുടുക്കാൻ വലക്കണ്ണികളുമായി പതിയിരിക്കുന്നവരുടെ വാർത്തകൾ നാം ഓരോ ദിവസവും കേട്ടുകൊണ്ടിരിക്കുകയാണ്.
അത്തരത്തിലൊരനുഭവം എനിക്കും ഉണ്ടായി. ഫെയ്സ് ബുക്കിൽ കുറേയേറെ റിക്വസ്റ്റുകൾ വരാറുണ്ട്. ഒരു സ്ക്രീനിങ്ങ് ഒന്നും നടത്താതെ അവയൊക്കെ ആക്സപ്റ്റ് ചെയുന്നതാണ് എൻ്റെ രീതി.
അത്തരത്തിൽ എന്നോ ആക്സപ്റ്റ് ചെയ്ത ഒരു ഫേക്ക് ഐ ഡി യിൽ നിന്നും ഇന്നലെ ഒരു വീഡിയോ കോൾ! വിദേശത്ത് നിന്നടക്കം പലരും അറിയാത്ത നമ്പറുകളിൽ നിന്നും വിളിക്കുന്നതിനാൽ കോൾ അറ്റൻഡ് ചെയ്തു. സഭ്യതയുടെ അതിർ വരമ്പുകൾ ഒക്കെ ലംഘിക്കുന്ന തരത്തിലുള്ള അശ്ശീല വീഡിയോ ചാറ്റാണ് പിന്നീട് സ്ക്രീനിൽ തെളിഞ്ഞത്. സംഭവം കബളിപ്പിക്കലാണെന്ന് തിരിച്ചറിഞ്ഞ നിമിഷം തന്നെ കോൾ കട്ട് ചെയ്യുകയും, ഐഡി ബ്ലോക്ക് ചെയ്യുകയും ചെയ്തു.
തുടർന്ന് ഇന്ന് പെരുവണ്ണാമൂഴി പോലീസിൽ കാര്യങ്ങൾ വിശദീകരിച്ച് പരാതിയും നൽകി. പണം തട്ടാനുള്ള സൈബർ കുറ്റകൃത്യക്കാരുടെ പുതിയ വഴിയാണ് ഇതെന്ന് മനസിലാക്കാൻ സാധിച്ചു..ആ വീഡിയോ കോൾ വെറുതെ ഒന്ന് അറ്റൻഡ് ചെയ്താലോ, ഒന്ന് സംസാരിച്ചാലോ മതി. കഴിഞ്ഞു കഥ… നമ്മൾ അരുതാത്തതൊന്നും ചെയ്യണമെന്ന് പോലും ഇല്ല. പിന്നെ നമ്മളെ തേടി വരുന്നത് ഭീഷണി സന്ദേശമായിരിക്കും. പ്രസ്തുത സംഭാഷണത്തിൻ്റെ സ്ക്രീൻ ഷോട്ട്, വ്യാജമായ വീഡിയോകൾ എന്നിവ ഉപയോഗിച്ച് പണം തട്ടുന്ന പരാതികൾ നമ്മുടെ നാട്ടിലും ഉണ്ടായിട്ടുണ്ടെന്ന് പെരുവണ്ണാമൂഴി സർക്കിൾ ഇൻസ്പെക്ടർ അറിയിക്കുകയുണ്ടായി. ഇത്തരം കേസുകളെല്ലാം പോലീസ് സൈബർ സെൽ നിരീക്ഷിച്ച് വരുകയാണെന്നും അദ്ദേഹം പറഞ്ഞു.
പറഞ്ഞ് വരുന്നത് സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ നാം പുലർത്തേണ്ട ജാഗ്രതയെ കുറിച്ചാണ്. കൂടുതൽ ഉത്തരവാദിത്തത്തോടെ ഈ മേഖലയിൽ ഇടപെടാൻ അനുഭവങ്ങൾ പാഠമാകും.
എൻ്റെ പ്രിയപ്പെട്ടവരും ഇക്കാര്യങ്ങളിൽ തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് അഭ്യർത്ഥിക്കുന്നു..
ഇ.എം. ശ്രീജിത്ത് ചക്കിട്ടപാറ
ഇത്തരത്തിൽ എത്രയോ സംഭവങ്ങളാണ് പുറംലോകം കാണാതെ പോകുന്നത്. ചിലതെങ്കിലും പുറത്തറിയുന്നത് മറ്റുള്ളവർക്ക് പാഠമാകുന്നുണ്ട്. ഇത്തരം ചതിക്കുഴികളില്‍പെട്ട് അപകടത്തിലായവര്‍ നിരവധിയാണ്. പ്രായഭേദമന്യേ കുട്ടികള്‍ മുതല്‍ പ്രായമായവര്‍വരെ ഇതില്‍പെടും. ഭുരിപക്ഷവും കൈമാരക്കാരാണ് ഇത്തരം ചതിക്കുഴികളില്‍പെടാണ്.
സോഷ്യൽ മീഡിയയിലൂടെയുള്ള സൗഹൃദങ്ങൾ നല്ലത് തന്നെയാണ്. ശരിയല്ലെന്ന് തോന്നുകയാണെങ്കിൽ ‘നോ’ പറയാൻ നാം പ്രാപ്തരാകണമെന്ന് മാത്രം. സോഷ്യല്‍ മീഡിയ വഴി കബളിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്.