വീണ്ടും തെരുവുനായ ആക്രമണം; മാവേലിക്കരയില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന 10 വയസുകാരനെ തെരുവുനായ കടിച്ചു
ചാരുംമൂട്: വീട്ടില്‍ ഉറങ്ങിക്കിടന്ന പത്ത് വയസുകാരനെ തെരുവുനായ കടിച്ചു. താമരക്കുളം ചത്തിയറിയില്‍ ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം. ചത്തിയറ തെക്ക് സ്വദേശി അശോകന്റെ മകന്‍ സായി കൃഷ്ണയെയാണ് നായ കടിച്ചത്. മുന്‍വാതിലും ഗേറ്റും തുറന്നു കിടന്ന സമയത്ത് വീടിനുള്ളിലെത്തിയ നായ കുട്ടിയെ കടിക്കുകയായിരുന്നു.
കൈക്ക് കടിയേറ്റ കുട്ടി നിലവിളിച്ച് കൊണ്ട് ഉറക്കത്തില്‍ നിന്നും ചാടിയെഴുന്നേല്‍ക്കുകയായിരുന്നു. കുട്ടിയുടെ ശബ്ദം കേട്ട് അമ്മ ഓടിയെത്തിയപ്പോഴേക്കും നായ വീടിനുള്ളില്‍ നിന്നും ഇറങ്ങിയോടിയിരുന്നു.
ഉടന്‍ തന്നെ കുട്ടിയെ വീടിന് സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ പരിക്ക് സാരമുള്ളതല്ല. കഴിഞ്ഞ ഒരാഴ്ചയായി ചാരുംമൂട് മേഖലയില്‍ ഇരുപതോളം പേരെ തെരുവ് നായ കടിച്ചിരുന്നു.
സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയായി തെരുവുനായ ശല്യം രൂക്ഷമായിരിക്കുകയാണ്. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കണ്ണൂരില്‍ 11 വയസുകാരനെ തെരുവ് നായ കടിച്ചുകൊന്നത്. കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശി നിഹാലായിരുന്നു തെരുവുനായകളുടെ അക്രമണത്തില്‍ മരിച്ചത്. പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിരവധി പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു.