വീണ്ടും ക്ലാസുകള്‍ ഓണ്‍ലൈനില്‍; കോഴിക്കോട് ജില്ലയില്‍ ഇന്നുമുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രം


കോഴിക്കോട്: നിപ വൈറസിന്റെ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍. ഈ മാസം 23വരെയാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍. തുടര്‍ച്ചയായ അവധി കാരണം വിദ്യാര്‍ത്ഥികളുടെ അധ്യായനം നഷ്ടമാകാതിരിക്കാണ് ക്രമീകരണം ഏര്‍പ്പെടുത്തിയതെന്ന് ജില്ലാ കളക്ടര്‍ എ.ഗീത അറിയിച്ചു. കോച്ചിങ്ങ് സെന്ററുകള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ക്ലാസുകളും ഓണ്‍ലൈനായി നടത്താനാണ് നിര്‍ദ്ദേശം.

നേരത്ത, ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടാന്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ അത്തരത്തില്‍ സ്‌ക്കൂളുകള്‍ അടച്ചിടുന്നത്‌ ജനങ്ങളില്‍ ഭീതിയുണ്ടാക്കും എന്ന അഭിപ്രായത്തെ തുടര്‍ന്ന് ഉത്തരവില്‍ മാറ്റം വരുത്തുകയായിരുന്നു. പുതിയ ഉത്തരവ് പ്രകാരം സെപ്റ്റംബര്‍ 18 മുതല്‍ 23വരെയാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍. ഈ ദിവസങ്ങളില്‍ വിദ്യാര്‍ത്ഥികളെ ഒരു കാരണവശാലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വരുത്താന്‍ പാടില്ലെന്ന് കളക്ടറുടെ ഉത്തരവില്‍ പറയുന്നു. അംഗനവാടികള്‍, മദ്രസകള്‍ എന്നിവയുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്.

അതേ സമയം നിപ പരിശോധനയ്ക്കായി സംസ്ഥാനത്ത് മതിയായ സംവിധാനം ഒരുക്കിയതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. തിരുവനന്തപുരം തോന്നയ്ക്കല്‍, കോഴിക്കോട്, ആലപ്പുഴ എന്നിവിടങ്ങളിലെ വൈറോളജി ലാബുകളില്‍ നിപ പരിശോധന നടത്താനും സ്ഥിരീകരിക്കാനുമുള്ള സംവിധാനമുണ്ട്. കൂടാതെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയും പൂനെ എന്‍.ഐ.വി.യുടെയും മൊബൈല്‍ ലാബും കോഴിക്കോടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വളരെ വേഗത്തില്‍ നിപ പരിശോധനകള്‍ നടത്താനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.