വീണ്ടും കൂത്താളിയുടെ അഭിമാനതാരമായി നിമിഷ; സംസ്ഥാന മെഡിക്കൽ എൻട്രൻസ് റാങ്ക് ലിസ്റ്റിലും തിളങ്ങുന്ന നേട്ടം


പേരാമ്പ്ര: അഖിലേന്ത്യാ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഉന്നത വിജയം നേടി കൂത്താളിയുടെ അഭിമാനമായി മാറിയ കിഴക്കേ പറമ്പില്‍ നിമിഷയ്ക്ക് വീണ്ടും നേട്ടം. മെഡിക്കൽ, അനുബന്ധ കോഴ്​സുകളിലെ ​പ്രവേശനത്തിനായി നീറ്റ്​ -യു.ജി പരീക്ഷ അടിസ്ഥാനപ്പെടുത്തിയുള്ള കേരള റാങ്ക്​ പട്ടികയുടെ ആദ്യ പത്തിൽ നിമിഷ ഇടം പിടിച്ചു. ഇന്നലെ പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽ ഏഴാം റാങ്കാണ് നിമിഷയ്ക്ക് ലഭിച്ചത്.

കൂലിപ്പണിക്കാരനായ കെ.സി. പ്രേമന്റെയും ഷീനയുടെയും മകളാണ് നിമിഷ.

കൂത്താളി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് ഫുള്‍ എ പ്ലസുമായി പ്ലസ്ടു പാസായ നിമിഷ കഴിഞ്ഞതവണയും പ്രവേശന പരീക്ഷ എഴുതിയിരുന്നു. ഉയര്‍ന്ന റാങ്ക് നേടുകയെന്ന ലക്ഷ്യത്തോടെ കഠിന പരിശീലനത്തിനുശേഷമാണ് വീണ്ടും എഴുതിയത്.

സംസ്ഥാന മെഡിക്കല്‍ റാങ്ക് പട്ടികയിൽ ഏഴാം റാങ്കും ജില്ലാ തലത്തില്‍ ഒന്നാം റാങ്കുമാണ് നിമിഷയ്ക്ക്. ഉയര്‍ന്ന റാങ്കുള്ളതിനാല്‍ ഡല്‍ഹി എയിംസിലോ പോണ്ടിച്ചേരി ജിപ്മറിലോ ചേര്‍ന്ന് മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് നിമിഷ പറയുന്നു. സഹോദരി തുഷാര എറണാകുളം രാജഗിരി കോളേജില്‍ ബിടെക് വിദ്യാര്‍ഥിയാണ്.

നേരത്തേ അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ (നീറ്റ്) നൂറാം റാങ്ക് നേടി നാടിന്റെ അഭിമാനമായി മാറിയിരുന്നു നിമിഷ. നീറ്റ് പരീക്ഷയില്‍ കേരളത്തില്‍ ആറാം റാങ്കാണ് നിമിഷയ്ക്ക്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.