വീട്ടിലേക്ക് സ്വാഗതം; പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ക്രിസ്റ്റിയാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക്
മാഞ്ചസ്റ്റര്‍: ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസ് വിട്ട പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ തിരികെയെത്തി.12 വര്‍ഷത്തിനുശേഷമാണ് റൊണാള്‍ഡോ തന്റെ പഴയ തട്ടകത്തില്‍ തിരിച്ചെത്തുന്നത്. 36കാരനായ റൊണാള്‍ഡോയുമായി എത്രവര്‍ഷത്തേക്കാണ് കരാറൊപ്പിട്ടതെന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വ്യക്തമാക്കിയിട്ടില്ല. 2003 മുതല്‍ 2009 വരെ യുനൈറ്റഡിനായി 292 മത്സരങ്ങളില്‍ കളിച്ച റൊണാള്‍ഡോ 118 ഗോളുകള്‍ നേടിയിട്ടുണ്ട്. റൊണാള്‍ഡോയെ വരവേല്‍ക്കാന്‍ ക്ലബ്ബിലെ എല്ലാവരും ഒരുങ്ങിക്കഴിഞ്ഞുവെന്ന് യുനൈറ്റഡ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ സിറ്റിയേക്ക് പോകുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള ഇന്ന് വൈകിട്ട് ഇക്കാര്യം നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റൊണാള്‍ഡോ സിറ്റിയിലേക്ക് മടങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്. റൊണാള്‍ഡോ യുവന്റസ് താരങ്ങളോട് യാത്രപറഞ്ഞ് സ്വകാര്യ വിമാനത്തില്‍ ഇറ്റലി വിടുന്നതിന്റെ ചിത്രങ്ങളും പിന്നാലെ പുറത്തുവന്നിരുന്നു. യുവന്റസുമായി ഒരു വര്‍ഷം കരാര്‍ ബാക്കിയിരിക്കെയാണ് റൊണാള്‍ഡോ യുനൈറ്റഡില്‍ തിരികെയെത്തുന്നത്.
ട്രാന്‍സ്ഫര്‍ തുക സംബന്ധിച്ച തര്‍ക്കം പരിഹരിക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് സിറ്റി റൊണാള്‍ഡോയെ കൈയൊഴിഞ്ഞതെന്ന് സൂചനയുണ്ടായിരുന്നു. പിന്നാലെ റൊണാള്‍ഡോയുടെ ഏജന്റ് ജോര്‍ജ് മെന്‍ഡസ് യുനൈറ്റഡ് അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു.
റൊണാള്‍ഡോ ടീമിലെത്താനുള്ള സാധ്യത യുനൈറ്റഡ് പരിശീലകന്‍ ഒലെ ഗുണ്ണാര്‍ സോള്‍ഷ്യര്‍ തള്ളിക്കളഞ്ഞതുമില്ല. യുവന്റസ് വിടുകയാണെങ്കില്‍ റൊണാള്‍ഡോയെ ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ യുനൈറ്റഡ് തയാറാണെന്ന് സോള്‍ഷ്യര്‍ പറഞ്ഞു. റൊണാള്‍ഡോ യുനൈറ്റഡിന്റെ ഇതിഹാസ താരമാണെന്നും സോള്‍ഷ്യര്‍ വ്യക്തമാക്കി.
2003ല്‍ സ്പോര്‍ട്ടിംഗ് ക്ലബ്ബില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെത്തിയ റൊണാള്‍ഡോ 2009വരെ ക്ലബ്ബില്‍ തുടര്‍ന്നു. 2009ല്‍ റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുകക്ക് റയലിലേക്ക് പോയ റൊണാള്‍ഡോ അവിടെ നിന്നാണ് യുവന്റസിലെത്തിയത്.