‘വീട് പണിക്ക് കൂടുതല്‍ പണം ചോദിച്ചു, പരീക്ഷ കഴിഞ്ഞ ദിവസം അവളെ കൂട്ടിക്കൊണ്ടുപോയത് കിരണ്‍’; കുടുംബസുഹൃത്ത്


കൊല്ലം: ശാസ്താംകോട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയെ കൂടുതല്‍ പണം ചോദിച്ച് ഭര്‍ത്താവും വീട്ടുകാരും ശല്യംചെയ്തിരുന്നതായി വെളിപ്പെടുത്തല്‍. വിസ്മയയുടെ കുടുംബസുഹൃത്തായ സക്കീര്‍ ഹുസൈനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

”അവള്‍ ആയുര്‍വേദ ഡോക്ടറാകാനുള്ള പഠനം കഴിഞ്ഞ് ഇപ്പോള്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയാണ്. നല്ലൊരു കാര്യമാണെന്ന് പറഞ്ഞാണ് ഈ വിവാഹം നടത്തിയത്. വിവാഹത്തിന് ശേഷം ഭര്‍ത്താവും വീട്ടുകാരും വീടിന്റെ പുനര്‍നിര്‍മാണത്തിനും മറ്റും കൂടുതല്‍ പണം ആവശ്യപ്പെട്ട് കുട്ടിയെ ശല്യപ്പെടുത്തിയിരുന്നു. ഇടയ്ക്ക് ഞങ്ങള്‍ കിരണിനെതിരേ കേസ് ഫയല്‍ ചെയ്യുന്നതിനെക്കുറിച്ച് വക്കീലുമായി സംസാരിച്ചിരുന്നു. പിന്നീട് കിരണ്‍ വന്നുതന്നെയാണ് കുട്ടിയെ തിരികെ കൂട്ടിക്കൊണ്ടുപോയത്.

‘അവന്‍ നിര്‍ബന്ധിച്ചാണ് അവളെ കൂട്ടിക്കൊണ്ടുപോയത്. അവന്റെ കൂടെ ജീവിക്കണമെന്ന് അവള്‍ക്കും ആഗ്രഹമുണ്ടായിരുന്നു. പരീക്ഷ കഴിഞ്ഞ ദിവസം ചെങ്ങന്നൂരിലെ കോളേജില്‍നിന്നാണ് വിളിച്ചു കൊണ്ടുപോയത്. എല്ലാം കോംപ്രമൈസ് ചെയ്‌തെങ്കില്‍ നന്നാവട്ടെ എന്ന് എല്ലാവരും കരുതി. ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കും ഈ സംഭവത്തില്‍ പങ്കുണ്ട്. ഇങ്ങനെയെല്ലാം ചെയ്തിട്ടും മകനെ അവര്‍ തിരുത്തേണ്ടതല്ലേ, അതിനാല്‍ അവര്‍ക്കും പങ്കുണ്ടെന്നാണ് ഞങ്ങളുടെ സംശയം.” സക്കീര്‍ ഹുസൈന്‍ വിശദീകരിച്ചു.

തിങ്കളാഴ്ച രാവിലെയാണ് വിസ്മയയെ ശാസ്താംനടയിലെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ കിരണ്‍കുമാര്‍ സ്ത്രീധനത്തിന്റെ പേരില്‍ വിസ്മയയെ നിരന്തരം ഉപദ്രവിച്ചിരുന്നതായും ബന്ധുക്കള്‍ ആരോപിക്കുന്നു. കഴിഞ്ഞ ദിവസവും ഭര്‍ത്താവ് മര്‍ദിച്ചതായി വിസ്മയ ബന്ധുക്കള്‍ക്ക് അയച്ച വാട്‌സാപ്പ് സന്ദേശത്തില്‍ പറഞ്ഞിരുന്നു.

സ്ത്രീധനമായി നല്‍കിയ വാഹനം കൊള്ളില്ലെന്ന് പറഞ്ഞാണ് അസഭ്യം പറഞ്ഞതെന്നും മര്‍ദിച്ചതെന്നും ഈ സന്ദേശങ്ങളിലുണ്ടായിരുന്നു. മര്‍ദനമേറ്റതിന്റെ ചിത്രങ്ങളും വിസ്മയ അയച്ചുനല്‍കി. ഇതിനുപിന്നാലെയാണ് ഭര്‍തൃഗൃഹത്തില്‍ വിസ്മയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം, വിസ്മയയുടെ മരണത്തിന് പിന്നാലെ കിരണ്‍കുമാര്‍ ഒളിവില്‍ പോയിരിക്കുകയാണ്.