വീട് ഉള്‍പ്പെടെ കെട്ടിട നിര്‍മ്മാണം തുടങ്ങാന്‍ പഞ്ചായത്തിന്റേയും, മുനിസിപ്പാലിറ്റിയുടേയും അനുമതി വേണ്ട, നിയമം വരുന്നു
തിരുവന്തപുരം:സംസ്ഥാനത്ത് ഇനി കെട്ടിട നിര്‍മാണം തുടങ്ങാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിക്ക് കാത്തു നില്‍ക്കേണ്ട. സ്ഥലമുടമയുടെ സാക്ഷ്യ പത്രത്തില്‍ നിര്‍മാണം അനുവദിക്കാന്‍ നിയമഭേദഗതിക്ക് മന്ത്രിസഭാ തീരുമാനം.
തെരഞ്ഞെടുപ്പ് അടുത്തതോടെ ജനപ്രിയ തീരുമാനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് മന്ത്രിസഭാ യോഗം. കെട്ടിട നിര്‍മാണം സ്ഥലമുടമയുടെ സ്വയം സാക്ഷ്യപത്രത്തില്‍ തുടങ്ങാം. പ്ലാന്‍ ലഭിച്ചാല്‍ 5 ദിവസത്തിനകം തദ്ദേശ സ്ഥാപന സെക്രട്ടറി കൈപ്പറ്റ് സാക്ഷ്യപത്രം നല്‍കണം .ഇതാണ് അനുമതി രേഖ. സാക്ഷ്യപത്രം തെറ്റായി രേഖപ്പെടുത്തിയാല്‍ പിഴ ഈടാക്കും.
കെട്ടിടനിര്‍മ്മാണ അനുമതി നല്‍കുന്നത് ത്വരിതപ്പെടുത്തുന്നതിന് പഞ്ചായത്ത്-മുനിസിപ്പല്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുവാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു.
സ്ഥലം ഉടമയുടെയും പ്ലാന്‍ തയ്യാറാക്കി സമര്‍പ്പിക്കാന്‍ അധികാരപ്പെട്ട എംപാനല്‍ഡ് ലൈസന്‍സിയുടെയും (ആര്‍ക്കിടെക്ട്, എഞ്ചിനീയര്‍, ബില്‍ഡിംഗ് ഡിസൈനര്‍, സൂപ്പര്‍വൈസര്‍ അല്ലെങ്കില്‍ ടൗണ്‍ പ്ലാനര്‍) സാക്ഷ്യപത്രത്തിന്മേല്‍ നിര്‍മാണം ആരംഭിക്കാന്‍ കഴിയുന്ന വിധത്തിലാണ് നിയമ ഭേദഗതി വരുന്നത്. പ്ലാന്‍ ലഭിച്ചുകഴിഞ്ഞാല്‍ തദ്ദേശഭരണ സ്ഥാപന സെക്രട്ടറി അഞ്ച് പ്രവൃത്തി ദിവസങ്ങള്‍ക്കകം കൈപ്പറ്റ് സാക്ഷ്യപത്രം നല്‍കണം. ഈ രേഖ നിര്‍മ്മാണ പെര്‍മിറ്റായും കെട്ടിട നിര്‍മ്മാണം ആരംഭിക്കുന്നതിനുള്ള അനുവാദമായും കണക്കാക്കുന്ന വ്യവസ്ഥകള്‍ കരട് ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സ്വയം സാക്ഷ്യപ്പെടുത്തല്‍പത്രം നല്‍കുന്ന ഉടമയോ ലൈസന്‍സിയോ നല്‍കുന്ന വിവരങ്ങള്‍ തെറ്റാണെന്ന് പിന്നീട് കണ്ടെത്തിയാല്‍ പിഴ ചുമത്താനും ലൈസന്‍സിയുടെ ലൈസന്‍സ് റദ്ദാക്കാനും നിര്‍ദിഷ്ട നിയമത്തില്‍ വ്യവസ്ഥയുണ്ട്.
100 ചതുരശ്രമീറ്റര്‍ വരെ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതവും 200 ചതുരശ്രമീറ്റര്‍ വരെ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്ക് 4 ലക്ഷം രൂപ വീതവും 300 ചതുരശ്രമീറ്റര്‍ വരെ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്ക് 6 ലക്ഷം രൂപ വീതവുമാണ് പിഴ.
കെട്ടിടത്തിന്റെ പ്ലാനും സൈറ്റ് പ്ലാനും നിലവിലുള്ള നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും നിയമാനുസൃതമായ മറ്റ് വ്യവസ്ഥകള്‍ക്കും അനുസൃതമാണെന്ന് കെട്ടിട ഉടമസ്ഥനും എംപാസല്‍ഡ് ലൈസന്‍സിയും സംയുക്തമായാണ് സാക്ഷ്യപത്രം നല്‍കേണ്ടത്.
കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് തദ്ദേശ ഭരണസ്ഥാപന സെക്രട്ടറിക്ക് അപേക്ഷ ലഭിച്ചുകഴിഞ്ഞാല്‍ 30 ദിവസത്തിനകം തീരുമാനമെടുക്കണമെന്നത് 15 ദിവസമായി കുറച്ച് പഞ്ചായത്ത് -നഗര നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
മന്ത്രിസഭായോഗത്തിലെ മറ്റു തീരുമാനങ്ങള്‍
- പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടും
പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടാന്‍ പി.എസ്.സിയോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2021 ഫെബ്രുവരി 3-നും 2021 ആഗസ്റ്റ് 2-നും ഇടയ്ക്ക് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി 2021 ആഗസ്റ്റ് 3 വരെ ദീര്‍ഘിപ്പിക്കാനാണ് ശുപാര്‍ശ.
കോവിഡ് വ്യാപനം കാരണം പി.എസ്.സി പരീക്ഷകള്‍ നടത്തുന്നതിലെ സമയക്രമത്തില്‍ വ്യത്യാസം വന്നിട്ടുണ്ട്. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് കൂടുതല്‍ സമയമെടുക്കുന്ന സ്ഥിതിയും വന്നു. സമീപകാലത്ത് സൃഷ്ടിച്ച തസ്തികകളിലേക്ക് പി.എസ്.സി വഴി നിയമനം നടത്തുന്നതിനുള്ള കാലതാമസം കൂടി പരിഗണിച്ചാണ് കാലാവധി നീട്ടുന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ചത്.
- പുതുക്കിയ ശമ്പളം ഏപ്രില്‍ ഒന്നു മുതല്‍
പതിനൊന്നാം ശമ്പളകമ്മീഷന്‍ ശുപാര്‍ശ പ്രകാരമുള്ള പുതുക്കിയ ശമ്പളവും അലവന്‍സുകളും ഏപ്രില്‍ ഒന്നു മുതല്‍ വിതരണം ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. പുതുക്കിയ ക്ഷാമബത്ത 2019 ജൂലായ് ഒന്നു മുതല്‍ പ്രാബല്യത്തോടെ നടപ്പാക്കും. കമ്മീഷന്‍ ശുപാര്‍ശ ചെയ്ത അലവന്‍സുകള്‍ക്ക് 2021 മാര്‍ച്ച് ഒന്നുമുതല്‍ പ്രാബല്യമുണ്ടാകും.
ആരോഗ്യമേഖലയില്‍ മാത്രം കമ്മീഷന്‍ പ്രത്യേകമായി ശുപാര്‍ശ ചെയ്ത സ്‌കെയില്‍ അനുവദിക്കും. ഇതര മേഖലകളില്‍ ശമ്പള കമ്മീഷന്‍ ശുപാര്‍ശ ചെയ്ത സ്‌കെയിലുകള്‍, കാരിയര്‍ അഡ്വാന്‍സ്മെന്റ് സ്‌കീം മുതലായവ സംബന്ധിച്ച് സെക്രട്ടറിതല സമിതിയുടെ പരിശോധനയ്ക്ക് ശേഷം വിശദമായ ഉത്തരവ് പുറപ്പെടുവിക്കും. ഈ വിഷയങ്ങള്‍ പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കുന്നതിന് ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തി. ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരിക്കും ഈ സമിതിയുടെ കണ്‍വീനര്‍. പെന്‍ഷന്‍ പുതുക്കുന്നത് സംബന്ധിച്ച തീരുമാനം ധനകാര്യവകുപ്പിന്റെ വിശദമായ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം എടുക്കും.
- തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ക്ഷേമനിധി രൂപീകരിക്കാന്‍ ഓര്‍ഡിനന്‍സ്
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലും നഗര പ്രദേശങ്ങളില്‍് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ അയ്യന്‍കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും തൊഴിലെടുക്കുന്നവരുടെ ക്ഷേമത്തിന് ക്ഷേമനിധി രൂപീകരിക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു.
- ഒ.ബി.സി സംവരണം
സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്‍ സമര്‍പ്പിച്ച ശുപാര്‍ശ അംഗീകരിച്ച് ക്രിസ്ത്യന്‍ മതവിഭാഗത്തില്‍ എസ്.ഐ.യു.സി ഒഴികെയുള്ള നാടാര്‍ സമുദായങ്ങള്‍ക്ക് ഒ.ബി.സി സംവരണം നല്‍കാന്‍ തീരുമാനിച്ചു. നിലവില്‍ നാടാര്‍ സമുദായത്തില്‍പ്പെട്ട ഹിന്ദു, എസ്.ഐ.യു.സി-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കുള്ള സംവരണത്തെ ബാധിക്കാതെയാണ് ഇത് നടപ്പാക്കുക.
- സംരക്ഷിത അധ്യാപകരെ പുനര്‍വിന്യസിക്കും
നിലവിലുള്ള മുഴുവന്‍ സംരക്ഷിത അധ്യാപകരെയും എയ്ഡഡ് സ്‌കൂളുകളില്‍ പുനര്‍വിന്യസിച്ച് സംരക്ഷണം നല്‍കുന്നതിനുള്ള നിബന്ധനകള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു. ഇതിന് അധ്യാപക ബാങ്ക് പുതുക്കുന്നതിനുള്ള സോഫ്റ്റ്വേര്‍ ‘കൈറ്റ’് വികസിപ്പിക്കും.
നിലവിലുള്ള മുഴുവന്‍ സംരക്ഷിത അധ്യാപകരെയും എയിഡഡ് സ്‌കൂളുകളില്‍ നിയമിക്കുമെന്ന ഉറപ്പിന്മേല്‍ ഇതിനകം വ്യവസ്ഥാപിത തസ്തികകളില്‍ നിയമിക്കപ്പെട്ട യോഗ്യതയുള്ള മുഴുവന്‍ അധ്യാപകരുടെയും നിയമനം ഇത് സംബന്ധിച്ച കോടതി കേസുകള്‍ക്ക് വിധേയമായി ചട്ട വ്യവസ്ഥകളില്‍ താല്‍ക്കാലിക ഇളവ് നല്‍കി അംഗീകരിക്കും.
- മുന്‍ഗണനേതര കാര്‍ഡുകള്‍ക്ക് കൂടുതല്‍ അരി
സംസ്ഥാനത്തെ മുന്‍ഗണനേതര വിഭാഗം റേഷന്‍ കാര്‍ഡുകാര്‍ക്ക് 2021 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ 10 കിലോഗ്രാം വീതം അരി കിലോഗ്രാമിന് 15 രൂപ നിരക്കില്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചു.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക