വീടിന്റെ അടിത്തട്ടില്‍ നിന്നും അജ്ഞാതശബ്ദം: ശാസ്ത്ര സംഘത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ ഇങ്ങനെ


കുരുവട്ടൂര്‍: പറമ്പില്‍ ബസാറിനടുത്ത് പോലൂരില്‍ വീടിന്റെ അടിത്തട്ടില്‍ നിന്ന് മുഴക്കം കേട്ട സംഭവത്തില്‍ ശാസ്ത്ര സംഘം അന്വേഷണത്തിനുശേഷം പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി. ശബ്ദത്തിനു കാരണം ഭൂമിക്കടിയിലെ മര്‍ദ വ്യത്യാസമാണെന്നാണ് പ്രാഥമിക നിഗമനം.

പോലൂര്‍ തെക്കെ മാരാത്ത് ബിജുവിന്റെ വീടിന്റെ അടിത്തട്ടില്‍ നിന്നായിരുന്നു ശബ്ദം കേട്ടത്. ഇതുസംബന്ധിച്ച് പഠനം നടത്താന്‍ മന്ത്രി കെ. രാജന്റെ നിര്‍ദേശത്തെ തുടര്‍ന്ന് എത്തിയ സംഘമാണ് ശബ്ദത്തിന്റെ പ്രാഥമിക കാരണം വെളിപ്പെടുത്തിയത്.

കേന്ദ്ര ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ റിട്ട ശാസ്ത്രജ്ഞന്‍ ഡോ. ജി. ശങ്കറിന്റെ നേതൃത്വത്തില്‍ എത്തിയ സംഘമാണ് പരിശോധന നടത്തിയത്. സോയില്‍ പൈപ്പിംഗ് സാധ്യത സംഘം തള്ളി.

സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററിലെ ഹസാര്‍ഡ് ആന്റ് റിസ്‌ക് അനലിസ്റ്റ് ജി.എസ് പ്രദീപ്, ജിയോളജിസ്റ്റ് എസ്.ആര്‍. അജിന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്ന മറ്റ് അംഗങ്ങള്‍. അപകടസാധ്യതയൊന്നുമില്ലെന്നാണ് വിലയിരുത്തല്‍.

വീട്ടില്‍ കഴിഞ്ഞദിവസം മന്ത്രി എ.കെ ശശീന്ദ്രന്‍ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹം ആവശ്യപ്പെട്ടതു പ്രകാരമാണ് റവന്യൂമന്ത്രി ഉന്നത സംഘത്തെ പരിശോധനയ്ക്കായി നിയോഗിച്ചത്. സെപ്റ്റംബര്‍ 29നാണ് സംഘം പരിശോധന നടത്തിയത്.