വിസ്മയയുടെ മരണം; പ്രതി കിരണ്‍കുമാര്‍ റിമാന്‍ഡില്‍


കൊല്ലം: കൊല്ലം ശാസ്താംകോട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ വിസ്മയ എന്ന യുവതി മരിച്ച സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത ഭര്‍ത്താവ് കിരണ്‍ കുമാറിനെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. ശാസ്താംകോട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്റ് ചെയ്തത്. പ്രതിയെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റും.

കിരണ്‍ കുമാറിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. കൊല്ലം ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറാണ് ഇയാള്‍. പ്രതിയെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തതായി ഗതാഗത മന്ത്രി ആന്റണി രാജുവാണ് വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കിയത്. അന്വേഷണ വിധേയമായി ആറ് മാസത്തേക്കാണ് കിരണ്‍ കുമാറിനെ സസ്‌പെന്റ് ചെയ്തത്.

കേസിലെ കണ്ടെത്തല്‍ അനുസരിച്ച് കിരണ്‍ കുമാറിനെതിരെ കൂടുതല്‍ വകുപ്പുതല നടപടികളും ഉണ്ടാകും. സംസ്ഥാനത്തെമ്പാടും ചര്‍ച്ച ചെയ്യപ്പെട്ട സംഭവമാണ് വിസ്മയയുടെ മരണം. സംഭവം പുറത്തായപ്പോള്‍ തന്നെ മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് മന്ത്രി റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കിരണ്‍കുമാറിനെതിരെ മന്ത്രി നേരിട്ട് തന്നെ അടിയന്തര നടപടി സ്വീകരിച്ചതും.

സംഭവത്തില്‍ പഴുതടച്ചുളള അന്വേഷണമുണ്ടാകുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിട്ടുണ്ട്. വിസ്മയയുടെ മരണത്തിന് പിന്നില്‍ നേരിട്ടോ അല്ലാതെയോ ഉള്‍പ്പെട്ട എല്ലാവരെയും പ്രതികളാക്കും. സത്രീ സുരക്ഷയ്ക്കായി പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും ഡിജിപി ലോക്‌നാഥ് ബഹറ അറിയിച്ചു.