വിവിധ ആവശ്യങ്ങളുന്നയിച്ച് കൂടത്തായി കേസിലെ പ്രതികള്‍; ജയിലില്‍ കിടക്ക വേണമെന്ന് ജോളി, ഫോണ്‍ കണ്ടെത്തിനല്‍കണമെന്ന് മാത്യു


കോഴിക്കോട്: കോടതിയില്‍ ആവശ്യങ്ങളുന്നയിച്ച് കൂടത്തായ് കേസിലെ പ്രതികള്‍. ജയിലില്‍ കിടക്ക വേണമെന്ന് ഒന്നാം പ്രതി ജോളി ആവശ്യപ്പെട്ടപ്പോള്‍ ടവര്‍ ലൊക്കേഷന്‍ നോക്കി ഫോണ്‍ കണ്ടെത്തിക്കൊടുക്കണമെന്നായിരുന്നു രണ്ടാം പ്രതി എം.എസ്. മാത്യുവിന്റെ ആവശ്യം. ജയില്‍ സൂപ്രണ്ടാണ് തീരുമാനമെടുക്കണ്ടതെന്ന് ജോളിയോടും സൈബര്‍ സെല്ലിനെ സമീപിക്കാവുന്നതാണെന്ന് മാത്യുവിനോടും കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ ആന്‍ഡ് സെഷന്‍സ് കോടതി പറഞ്ഞു.

വിചാരണത്തടവുകാരായി കോഴിക്കോട് ജില്ലാ ജയിലില്‍ കഴിയുകയാണ് കൂടത്തായ് കേസിലെ ഒന്നും രണ്ടും പ്രതികള്‍. ജില്ലാ പ്രിന്‍സിപ്പല്‍ ആന്‍ഡ് സെഷന്‍സ് കോടതി കേസ് പരിഗണിച്ചപ്പോള്‍ തടവുമുറിയില്‍ കിടക്കവേണമെന്ന് ഒന്നാംപ്രതി ജോളി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചതും ചട്ടപ്രകാരവുമുള്ള സൗകര്യങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ഒരാള്‍ക്ക് മാത്രമായി പ്രത്യേകമായൊന്നും നല്‍കാനാവില്ലെന്നും ജയില്‍ സൂപ്രണ്ട് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ജയില്‍ സൂപ്രണ്ടിന്റെ തീരുമാനമാണ് പ്രധാനമെന്ന് കോടതിയും വ്യക്തമാക്കി.

പോലീസ് ഫോണ്‍ കസ്റ്റഡിയിലെടുത്തെന്നും ഇത് തിരികെ വേണമെന്നുമായിരുന്നു എം.എസ്. മാത്യുവിന്റെ ആവശ്യം. എന്നാല്‍ ഫോണ്‍ അന്വേഷണസംഘം കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ബോധിപ്പിച്ചു. എങ്കില്‍ ടവര്‍ ലൊക്കേഷന്‍ നോക്കി ഫോണ്‍ കണ്ടെത്തണമെന്നായി എം.എസ്. മാത്യു. ജയില്‍ സൂപ്രണ്ട് മുഖാന്തരം സൈബര്‍സെല്ലിനെ സമീപിക്കാവുന്നതാണെന്ന് കോടതി മറുപടി നല്‍കി.

അതേസമയം ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച കേസിന്റെ വിചാരണ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്ന്, നവംബര്‍ 22-ലേക്കു മാറ്റി. അന്ന് കോടതി ജോളിയെ കുറ്റപത്രം വായിച്ചുകേള്‍പ്പിക്കും. ഈ കേസിലും ജയിലില്‍ റിമാന്‍ഡിലാണ് ജോളി.