വിവാഹാഘോഷങ്ങള്‍ക്ക് വീണ്ടും നിയന്ത്രണം; നൈറ്റ് കര്‍ഫ്യൂവും വാരാന്ത്യ ലോക്ക് ഡൗണും ഇല്ല; കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം
തിരുവനന്തപുരം: പൊതു – സ്വകാര്യ പരിപാടികളിൽ ആൾക്കൂട്ട നിയന്ത്രണം കർശനമാക്കും. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം 50 ആക്കി കുറച്ചു. ഓഫീസ് പ്രവർത്തനങ്ങളും പരമാവധി ഓൺലൈൻ ആക്കാനാണ് തീരുമാനം. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന വിദഗ്ദ്ധ സമിതി യോഗമാണ് തീരുമാനമെടുത്തത്.
അതേ സമയം സംസ്ഥാനത്ത് സ്കൂളുകൾ അടക്കേണ്ട സാഹചര്യം ഇല്ല എന്നാണ് വിലയിരുത്തൽ. സ്കൂളുകളിൽ കൂടുതൽ ജാഗ്രത പുലർത്തും. നിലവിലുള്ള ക്ലാസ് രീതികൾ തുടരും. സ്കൂളുകള്‍ അടയ്ക്കുന്നതു സംബന്ധിച്ച തീരുമാനം അടുത്ത അവലോകനയോഗത്തിലേക്ക് മാറ്റി.
രാത്രികാല – വാരാന്ത്യ നിയന്ത്രണങ്ങളും ഉടനെ ഉണ്ടാവില്ല. രോഗനിരക്ക് ഉയരുകയാണെങ്കിൽ നിയന്ത്രണങ്ങൾ കടുപ്പിക്കും.