വിവാഹസ്വർണത്തിന്​ ലാഭവിഹിതം, പഴയത്​ നൽകിയാൽ പണിക്കൂലിയില്ലാതെ പുതിയ ആഭരണം: നിക്ഷേപം വാങ്ങി പൂട്ടിയ ജ്വല്ലറിക്കെതിരെ കുറ്റ്യാടിയിൽ ലഭിച്ചത് 85 പരാതി


കുറ്റ്യാടി: നിക്ഷേപകരെ കബളിപ്പിച്ച് സ്വകാര്യ ജ്വല്ലറി പൂട്ടി മുങ്ങിയ ഉടമകൾക്കെതിരെ കുറ്റ്യാടി സ്റ്റേഷനിൽ ലഭിച്ചത് 85 പരാതികൾ. ടൗണിലെ ഗോൾഡ് പാലസ് ജ്വല്ലറിയിൽ സ്വര്‍ണവും പണവും നിക്ഷേപിച്ചത് തിരികെ ലഭിച്ചില്ലെന്ന്​ കാണിച്ചാണ് സ്ത്രീകളടക്കം പരാതികളുമായി സ്​റ്റേഷനിലെത്തുന്നത്. ജ്വല്ലറിയുടെ കല്ലാച്ചി, പയ്യോളി ശാഖകളും അടഞ്ഞുകിടപ്പാണ്.

നാലു രീതിയിലാണ് ജ്വല്ലറിയിൽ നിക്ഷേപം സ്വീകരിച്ചതെന്ന് നിക്ഷേപകർ പറയുന്നു. സ്വർണം വാങ്ങാനായി മാസാന്ത നിക്ഷേപം നടത്തിയവർ, പഴയ സ്വർണം നിശ്ചിത കാലത്തേക്ക് നൽകി ആവശ്യം വരുമ്പോൾ പണിക്കൂലിയില്ലാതെ പുതിയ ആഭരണം ലഭിക്കാൻ നിക്ഷേപിച്ചവർ, നവവധുക്കളുടെ സ്വർണം ലാഭവിഹിത വ്യവസ്ഥയിൽ നിക്ഷേപിച്ചവർ, ലാഭവിഹിത വ്യവസ്ഥയിൽ തുകകൾ നിക്ഷേപിച്ചവർ എന്നിങ്ങനെയുള്ളവരാണ് പരാതി നൽകിയത്. ഉറവിടം വെളിവാക്കാൻ കഴിയാത്ത വൻ തുകകൾ നിക്ഷേപിച്ചവർക്ക് പരാതി നൽകാനും കഴിയാത്ത അവസ്ഥയാണ​േത്ര. ലക്ഷം മുതൽ വൻ തുകകൾ നിക്ഷേപിച്ചവരാണ് അധികവുമെന്ന് പറയുന്നു.

കുറ്റ്യാടിയിലെ ജ്വല്ലറി വ്യാഴാഴ്ച ഉച്ചയോടെയാണ് അടക്കുന്നത്. അപ്രതീക്ഷിതമായി നിക്ഷേപകരുടെ ഒരു സംഘം വന്ന്, നൽകിയ ആഭരണങ്ങൾ തിരികെ ആവശ്യപ്പെടുകയായിരുന്നെന്ന് ജീവനക്കാരൻ പറഞ്ഞു. കുറെ പേർക്ക് കൊടുത്തു. ആളുകൾ അധികരിക്കുകയും ബഹളമാവുകയും ചെയ്തതോടെ ഷട്ടർ താഴ്‌ത്തുകയായിരുന്നു. പിന്നീട് ഉടമകൾ രഹസ്യമായി സ്വർണം കടത്തിയോ എന്നാണ് ഇവരുടെ ആശങ്ക. ഇതേ തുടര്‍ന്ന് വെള്ളിയാഴ്ച മുതൽ ജ്വല്ലറിക്കു മുന്നിൽ പൊലീസ് കാവൽ ഏർപ്പെടുത്തി.

മാനേജിങ് പാർട്ണർ സബീറാണ് നിക്ഷേപം സ്വീകരിച്ച് രേഖകളിൽ ഒപ്പുവെച്ചതായി കാണുന്നത്. ഡയറക്ടർ ബോഡ് അംഗങ്ങളായ കെ.പി. ഹമീദ്, മുഹമ്മദ്, വി.പി. സമീർ എന്നിവർക്കെതിരെയാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ഇതിൽ രണ്ടു പേർ ഖത്തറിലേക്ക് പോയതായാണ് നിക്ഷേകർക്ക് ലഭിച്ച വിവരം. കുറ്റ്യാടി മേഖലയിലുള്ളവരാണ് നിക്ഷേപകരിലേറെയും. ശനിയാഴ്ച വൈകീട്ടു വരെ 85 പരാതികൾ കുറ്റ്യാടിയിൽ ലഭിച്ചതായി പൊലീസ് പറഞ്ഞു. ഇവയെല്ലാം കൂടി കോടികൾ വരും. നാദാപുരം ഡിവൈ.എസ്.പി ടി.പി.ജേക്കബ് കുറ്റ്യാടിയിലെത്തി കേസ് സംബന്ധിച്ച വിവരങ്ങൾ ആരാഞ്ഞു.