വിവാഹശേഷം മുങ്ങിയ വ്യാപാരിയെ തേടി യു.പി സ്വദേശി നാദാപുരത്ത്; യുവതിയുടെ സ്വര്ണ്ണാഭരണം കൈക്കലാക്കി വ്യാപാരി കടന്നു കളഞ്ഞതായി പരാതി
വടകര: വിവാഹം കഴിഞ്ഞ് കൂടെ താമസിച്ച് മുങ്ങിയ വ്യാപാരിയെയും തേടി യുപി സ്വദേശി വടകരയിൽ. നാദാപുരം ആവോലത്തെ വ്യാപാരി പെരിങ്ങത്തൂർ ചെറിയകാട്ട് പുനത്തിൽ സി കെ പി നൂറുദ്ദീനെ തേടിയാണ് ഉത്തർപ്രദേശ് ബസ്തി സ്വദേശി മുബഷിറ സമിയുള്ള ഖാൻ (34) വടകരയിൽ എത്തിയത്.
എട്ട് വർഷം മുമ്പ് മുംബൈയിൽനിന്ന് പരിചയപ്പെട്ട ഇവർ രണ്ട് വർഷം മുമ്പ് വിവാഹിതരായി. പിന്നിട് നൂറുദ്ദീൻ നാട്ടിലേക്ക് തിരിച്ചു. ഭർത്താവിനെ കുറിച്ച് വിവരമില്ലാതായതോടെ യുവതി ഇയാളെ തേടി കഴിഞ്ഞയാഴ്ച നാദാപുരത്തെത്തുകയും പൊലീസിൽ പരാതിനൽകുകയും ചെയ്തു. നൂറുദ്ദീനെ കണ്ടെത്തിയ പൊലീസ് രണ്ടുപേരുടെ ജാമ്യത്തിൽ യുവതിക്കൊപ്പം വിട്ടയച്ചു.
മാഹിയിലെത്തിയ നൂറുദ്ദീൻ യുവതിക്കൊപ്പം മുറിയെടുത്തശേഷം വീണ്ടും മുങ്ങി. ഇതോടെ വീണ്ടും നാദാപുരം പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയെങ്കിലും പൊലീസ് കേസെടുക്കാതെ മടക്കി അയച്ചതായി യുവതി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ജില്ലാ പൊലീസ് മേധാവിക്ക് പരാതിനൽകി വീണ്ടും സ്റ്റേഷനിൽ എത്തിയെങ്കിലും ഉത്തർപ്രദേശിൽ പരാതി നൽകാൻ പൊലീസ് പറഞ്ഞു. വിവാഹത്തിനുശേഷം 22.5 പവൻ സ്വർണാഭരണവും യുവതിയുടെ സഹോദരനിൽനിന്ന് എട്ട് ലക്ഷത്തി എൺപതിനായിരം രൂപയും നൂറുദ്ദീൻ കൈക്കലാക്കി.
ഫെബ്രുവരി 16 ന് മുബൈയിൽനിന്ന് കോഴിക്കോട് എയർപോർട്ടിൽ എത്തിയ യുവതിയെ ഹോട്ടലിൽവച്ച് മറ്റൊരാൾക്ക് കാഴ്ചവയ്ക്കാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു.
തനിക്ക് നീതി ലഭിക്കണമെന്നും നാദാപുരം പൊലീസിൽ വിശ്വാസം നഷ്ടപ്പെട്ടതായും യുവതി പറഞ്ഞു. ബുധനാഴ്ച നാദാപുരം ഡിവൈഎസ്പിക്കും വനിതാ കമീഷനും പരാതിനൽകും.
യുവതിയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചതായും മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.