വിവാദങ്ങള്‍ക്കിടയിലും സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗപാതപദ്ധതി യാഥ്യാർഥ്യമാക്കുവാൻ റെയില്‍വേ ബോര്‍ഡുമായി അന്തിമ ചർച്ചയ്‌ക്കൊരുങ്ങി സംസ്‌ഥാനസര്‍ക്കാര്‍


തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടയിലും സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗപാതപദ്ധതി യാഥാര്‍ഥ്യമാക്കുന്നതിന്റെ ഭാഗമായി അടുത്തയാഴ്‌ച റെയില്‍വേ ബോര്‍ഡുമായി അന്തിമ ചർച്ചയ്ക്ക് സംസ്‌ഥാനസര്‍ക്കാര്‍. കേന്ദ്ര റെയില്‍വേ ബോര്‍ഡ്‌ ചെയര്‍മാനുമായുള്ള ചര്‍ച്ചയില്‍ പദ്ധതിയുടെ വിശദമായ അവതരണം സര്‍ക്കാര്‍ നടത്തും.

എതിര്‍പ്പുകള്‍ അവഗണിച്ച് പദ്ധതിയുമായി മുന്നോട്ടു പോകാനാണു സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞദിവസം നടന്ന സി.പി.എം. പോളിറ്റ്‌ ബ്യൂറോ യോഗവും പദ്ധതിയെ അനുകൂലിച്ചിരുന്നു. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ തിരുവനന്തപുരം-കാസര്‍ഗോഡ്‌ യാത്രാസമയം 16 മണിക്കൂറില്‍നിന്നു നാലുമണിക്കൂറായി കുറയുമെന്നാണു സര്‍ക്കാരിന്റെ അവകാശവാദം.

11 ജില്ലകളിലായി 9,314 വീടുകളും കെട്ടിടങ്ങളും പൊളിച്ചുമാറ്റേണ്ടിവരും. 1,383 ഹെക്‌ടര്‍ ഭൂമി പുനരധിവാസത്തിനുള്‍പ്പെടെ വിനിയോഗിക്കും. വിദേശവായ്‌പയ്‌ക്കു സംസ്‌ഥാനസര്‍ക്കാര്‍ ഗ്യാരന്റി നല്‍കിയതോടെയാണു പദ്ധതി പുരോഗമിക്കുന്നത്‌. ഒരുമാസത്തിനുളളില്‍ സാമൂഹികാഘാത പഠനത്തിനുളള ഏജന്‍സികളെ നിശ്‌ചയിക്കും. റവന്യൂ വകുപ്പിനാണു ചുമതല. മൂന്നുമാസത്തിനകം സര്‍വേ പൂര്‍ത്തിയാക്കും.

കോഴിക്കോട്‌ ജില്ലയിൽ കരുവന്‍തുരുത്തി, ബേപ്പൂര്‍, പന്നിയങ്കര, കോഴിക്കോട്‌ സിറ്റി, കസബ, പുതിയങ്ങാടി, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്‌, പന്തലായനി, മൂടാടി, തിക്കോടി, വിയ്യൂര്‍, പയ്യോളി, ഇരിങ്ങല്‍, വടകര, നടയ്‌ക്കുതാഴ, ചോറോട്‌, ഒഞ്ചിയം, അഴിയൂര്‍ എന്നീ വില്ലേജുകളിലൂടെയാണ് പാത കടന്ന് പോകുന്നത്.