വില്ലേജ് ഓഫീസിനു മുന്നില്‍ പ്രതിഷേധവുമായി ഒരു കുടുംബം
കൊയിലാണ്ടി: വസ്തുവിന്റെ മൂല്യ നിര്‍ണ്ണയ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചു കിട്ടാത്തതിനെതിരെ പ്രതിഷേധം. പന്തലായനി വില്ലേജ് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി ചെറിയമങ്ങാട് കിഴക്കെ പുരയില്‍ മല്ലികയും (72) കുടുംബവും. ധര്‍ണ്ണ പി.എം.കുഞ്ഞിക്കണ്ണന് ഉദ്ഘാടനം ചെയ്തു. കെ.സുധാകരന് അധ്യക്ഷത വഹിച്ചു.
കൊയിലാണ്ടി ടൗണ്‍ഹാളില്‍ നടന്ന മന്ത്രിമാര്‍ പങ്കെടുത്ത അദാലത്തില്‍ വിഷയം വന്നതിനെ തുടര്‍ന്ന് രണ്ട് ദിവസത്തിനകം സര്‍ട്ടിഫിക്കറ്റ് നല്കാന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരുന്നതായി മല്ലികയുടെ മകന് കിഴക്കെ പുരയില്‍ മനോജ് പറഞ്ഞു. എന്നാല്‍ സര്‍ട്ടിഫിക്കറ്റിനായി വില്ലേജ് ഓഫീസില്‍ പോയപ്പോള്‍ മടക്കി അയക്കുകയായിരുന്നുവെന്നാണ് പരാതി.
സ്വയം തൊഴില്‍ സംരംഭം തുടങ്ങാന്‍ ബാങ്ക് വായ്പ എടുക്കുന്നതിന് വേണ്ടിയാണ് സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വന്നത്. എന്നാല്‍ കുടിക്കട സര്‍ട്ടിഫിക്കറ്റില്‍ ബാധ്യതയുളളതായി കാണുന്നുണ്ടെന്നും, ബാധ്യത തീര്‍ത്തു വന്നാല്‍ ഉടന്‍ തന്നെ ഇവരാവശ്യപ്പെട്ട് സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും പന്തലായനി വില്ലേജ് ഓഫീസര്‍ വി.കെ.ജയന് പറഞ്ഞു. കൊയിലാണ്ടി മുന്‍സിപ്പല്‍ സെക്രട്ടറിയില്‍ നിന്ന് നോണ്‍ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നാണ് വില്ലേജ് ഓഫീസറുടെ വാദം